CrimeNews

കുളത്തൂപ്പുഴയിൽ ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്നു, ഭർത്താവ് ഒളിവിൽ

കൊല്ലം: കുടുംബവഴക്കിനെ തുടർന്ന് കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി. കുളത്തൂപ്പുഴ സ്വദേശിനി രേണുകയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് സാനുകുട്ടനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. കത്രിക ഉപയോഗിച്ചാണ് രേണുകയെ ഒന്നിലധികം തവണ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളെ ചൊല്ലി ഇരുവരും തമ്മിൽ കുറച്ചുകാലമായി തർക്കങ്ങൾ നിലനിന്നിരുന്നു. ഇന്ന് വൈകുന്നേരമുണ്ടായ വഴക്ക് മൂർച്ഛിച്ചതോടെ സാനുകുട്ടൻ കത്രിക ഉപയോഗിച്ച് രേണുകയെ ആക്രമിക്കുകയായിരുന്നു.

ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും രേണുക രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവ സ്ഥലത്ത് നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന കത്രിക പോലീസ് കണ്ടെടുത്തു. കുളത്തൂപ്പുഴ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഒളിവിൽപ്പോയ സാനുകുട്ടൻ സമീപ പ്രദേശങ്ങളിൽ തന്നെയുണ്ടാകാമെന്ന നിഗമനത്തിൽ പോലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്.