EducationNews

പ്ലസ് വൺ: ക്ലാസുകൾ നാളെ ആരംഭിക്കും; 2.40 ലക്ഷം വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചു

സപ്ലിമെന്ററി അലോട്ട്മെന്റ് ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്തെ 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ നാളെ (ജൂൺ 18) ആരംഭിക്കും. മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ, സംസ്ഥാനത്തൊട്ടാകെ 2,40,533 വിദ്യാർത്ഥികൾ ഇതുവരെ സ്ഥിരപ്രവേശനം നേടിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

വിവിധ ക്വാട്ടകളിലായി മെറിറ്റിൽ 2,11,785 പേർക്കും, സ്പോർട്സിൽ 3,428 പേർക്കും, കമ്മ്യൂണിറ്റി ക്വാട്ടയിൽ 13,609 പേർക്കും, മാനേജ്മെന്റ്, അൺഎയ്ഡഡ് ക്വാട്ടകളിലായി 10,666 പേർക്കുമാണ് പ്രവേശനം ലഭിച്ചത്. ഇനിയും 1,02,646 വിദ്യാർത്ഥികൾ പ്രവേശന നടപടികൾ പൂർത്തിയാക്കാനുണ്ട്.

സപ്ലിമെന്ററി അലോട്ട്‌മെന്റും ‘സേ’ പരീക്ഷയും

കമ്മ്യൂണിറ്റി വിവരങ്ങൾ തെറ്റായി നൽകിയതുമൂലം പ്രവേശനം നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക്, സപ്ലിമെന്ററി അലോട്ട്‌മെന്റിൽ തെറ്റുകൾ തിരുത്തി വീണ്ടും അപേക്ഷിക്കാൻ അവസരമുണ്ടാകും. സ്പോർട്സ്, കമ്മ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ടകളിലെ പ്രവേശന നടപടികൾ ജൂൺ 27-ന് പൂർത്തിയാക്കും. ഇതിന് ശേഷമുള്ള ഒഴിവുകൾ കൂടി ഉൾപ്പെടുത്തി ജൂൺ 28-ന് വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷ ക്ഷണിക്കുകയും ചെയ്യും.

എസ്.എസ്.എൽ.സി ‘സേ’ പരീക്ഷ ജൂൺ 23 മുതൽ 27 വരെ സംസ്ഥാനത്തെ 572 കേന്ദ്രങ്ങളിലായി നടക്കും. 1,19,057 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.