
സംസ്ഥാനത്ത് ഡിസ്റ്റലറികൾക്ക് ടേൺ ഓവർ ടാക്സ് ( വിൽപന നികുതി) ഇളവ് കൊടുത്തതിന് പിന്നാലെ ബ്രുവറിക്കും നികുതിയിളവ് നൽകാനുള്ള നീക്കം വിവാദത്തിൽ. 2022 ജനുവരി 1 മുതലാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സിസ്റ്റ്ലറികൾ നൽകേണ്ടിയിരുന്ന 5 ശതമാനം ടേൺ ഓവർ ടാക്സ് ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. പ്രതിവർഷം 150 കോടിയുടെ നികുതി നഷ്ടമാണ് ഈ വിജ്ഞാപനത്തിലൂടെ സംസ്ഥാനത്തിന് നഷ്ടമായത്. മൂന്നര വർഷം കൊണ്ട് ( 2022 ജനുവരി – 2025 മെയ് വരെ) ഖജനാവിന് നഷ്ടമായത് 500 കോടി രൂപ.
സംസ്ഥാനത്ത് നിലവിൽ 17 ഡിസ്റ്റലറികളാണ് പ്രവർത്തിക്കുന്നത്. ഡിസ്റ്റലറികളുടെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ പ്രധാന അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രൽ ആൾക്കഹോൾ വ്യാപകമായി പെട്രോളിലും ഡീസലിലും (25%) ചേർക്കാനുള്ള കേന്ദ്ര നയത്തെ തുടർന്ന് ഈ അസംസ്കൃത വസ്തുവിലുണ്ടായ വിലക്കയറ്റം മൂലം മദ്യകമ്പനികൾ മദ്യവില കൂട്ടണമെന്ന ആവശ്യം സർക്കാറിന് മുൻപിൽ വെച്ചു. മദ്യവില വർദ്ധിപ്പിക്കുവാൻ കമ്പനികൾക്ക് അനുമതി നൽകിയാൽ നിലവിൽ മദ്യത്തിന് ഏറ്റവും കൂടുതൽ വില ഈടാക്കുന്ന സംസ്ഥാനത്ത് അതിൻ്റെ വില വീണ്ടും ക്രമാതീതമായി ഉയരും എന്നും അത് മദ്യ ഉപഭോക്താക്കളെ സാരമായി ബാധിക്കുമെന്നും അന്നത്തെ എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ നിലപാടെടുത്തു. ഇതിനെ തുടർന്നാണ് സർക്കാർ സംസ്ഥാനത്തെ ഡിസ്റ്റ് ലറികൾക്ക് 5 ശതമാനം ടേൺ ഓവർ ടാക്സ് ഒഴിവാക്കി നൽകി മദ്യകമ്പനികളെ വില വർദ്ധനവ് എന്ന ആവശ്യത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.
ഡിസ്റ്റിലറികളുടേതിന് സമാനമായി ബ്രുവറികൾക്കും ടേൺ ഓവർ ടാക്സ് ഇളവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 2 ബ്രുവറികളും സർക്കാരിൽ അപേക്ഷ സമർപ്പിച്ചു. ഇതിൽ വിജയ് മല്യയുടെ യു.ബി ഗ്രൂപ്പും ഉണ്ട്. ഇതിൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 2022 ജനുവരി മുതൽ ടേൺ ഓവർ ടാക്സ് അടക്കാറുമില്ല. ഇതിനെതിരെ ജി.എസ് ടി വകുപ്പ് സ്വീകരിച്ച നടപടികൾ ഇപ്പോൾ കോഴിക്കോട് ടാക്സസ് ട്രൈബ്യൂണൽ മുമ്പാകെ കമ്പനി ചോദ്യം ചെയ്തിരിക്കുകയാണ്.
ബ്രൂവറി കളുടെ അപേക്ഷ ഡിസ്റ്റ് ലറികൾക്ക് സമാനമല്ലെന്നും ബ്രൂവറികൾക്ക് ENA അഥവാ സ്പിരിറ്റ് അസംസ്കൃത വസ്തുവായി ഉപയോഗിക്കേണ്ടതില്ലെന്നും കേവലം ബ്രൂവിങ് മാത്രമാണ് അവർക്കുള്ളതെന്നും മദ്യ കമ്പനികൾക്ക് നേരിടേണ്ടി വന്ന അധിക സാമ്പത്തിക ബാധ്യത ഇവർക്ക് സംഭവിച്ചിട്ടില്ലെന്നും ആയതിനാൽ യാതൊരു വിധ ഇളവുകളും നൽകാൻ പാടില്ലാ എന്നും നികുതി വകുപ്പ് കമ്മീഷണർ സർക്കാരിനെ അറിയിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ നവംബറിൽ നൽകിയ അപേക്ഷ ധൃതി പിടിച്ച് ജൂൺ 7 ന് പൊതു അവധി ദിവസം തന്നെ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ പ്രസ്തുത അപേക്ഷയും റിപ്പോർട്ടുകളും മന്ത്രിക്ക് മുമ്പാകെ സമർപ്പിക്കുകയായിരുന്നു. മന്ത്രി അന്ന് തന്നെ പ്രസ്തുത ഫയൽ തൻ്റെ അഡി. പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറി. തിരഞ്ഞെടുപ്പിന് ശേഷം ഇതിൻമേൽ തീരുമാനം എടുക്കാനാണ് ശ്രമം. നികുതി കമ്മീഷണറുടെ റിപ്പോർട്ടിനെ മറികടന്ന് ബ്രുവറിക്കും നികുതി ഇളവ് നൽകിയാൽ ഇപ്പോൾ തന്നെ തകർന്ന് തരിപ്പണമായ ഖജനാവിനെ വീണ്ടും കാണാക്കയത്തിലേക്ക് തള്ളിവിടുന്ന തീരുമാനം ആകും അത്.
ധൂർത്തുകൾക്ക് പുറമേ ഖജനാവിൽ എത്തേണ്ട കോടികളിലും ഇളവ് വരുത്തിയത് സംസ്ഥാനത്തിൻ്റെ സാമ്പത്തിക രംഗത്തെ താറുമാറാക്കി. ഡിസ്റ്റലറികൾക്കു വേണ്ടി നടത്തിയ കോടികളുടെ ഇളവുകളും സംസ്ഥാനത്തെ 6 ലക്ഷം കോടി കടബാധ്യതയിലേക്ക് നയിച്ചതിൻ്റെ കാരണങ്ങളിൽ ഒന്നാണ്. ഖജനാവിലെ പണം ചോരുന്ന വഴികളും ധൂർത്തുകളും ആയി മലയാളം മീഡിയ ലൈവ് യാത്ര തുടരുന്നു.