
ദേശാഭിമാനി ലേഖനം വിനയായി; ഉണ്ണി ബാലകൃഷ്ണന്റെ ഏഷ്യാനെറ്റ് ന്യൂസ് പ്രവേശനത്തില്‍ അനിശ്ചിതത്വം
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണന് ഏഷ്യാനെറ്റ് ന്യൂസിൽ കൺസൾട്ടിംഗ് എഡിറ്ററായി ചേരാനുള്ള നീക്കത്തിന് താൽക്കാലിക തടസ്സം. സിപിഎം മുഖപത്രമായ ദേശാഭിമാനി വാരികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസർക്കാരിനെയും നിശിതമായി വിമർശിച്ചെഴുതിയ ലേഖന പരമ്പരയാണ് അദ്ദേഹത്തിന്റെ നിയമനം അനിശ്ചിതത്വത്തിലാക്കിയത്. തിങ്കളാഴ്ച (ജൂൺ 10) ജോലിയിൽ പ്രവേശിക്കാനിരുന്ന അദ്ദേഹത്തോട്, ലേഖന പരമ്പര പൂർത്തിയായ ശേഷം എത്തിയാൽ മതിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റ് നിർദ്ദേശിച്ചതായാണ് വിവരം. വീഡിയോ കാണാം.
റിപ്പോർട്ടർ ടിവിയിലെ ഡിജിറ്റൽ വിഭാഗം മേധാവിയായി പ്രവർത്തിച്ചുവരികയായിരുന്നു ഉണ്ണി ബാലകൃഷ്ണൻ. ഇതിനിടയിലാണ് ഏഷ്യാനെറ്റ് ന്യൂസിലെ സുപ്രധാന പദവിയിലേക്ക് മാറാൻ തീരുമാനിച്ചത്. എന്നാൽ, ദേശാഭിമാനി വാരികയിൽ താൻ എഴുതുന്ന ‘ജനാധിപത്യം കൊല ചെയ്യപ്പെട്ട 11 വര്‍ഷങ്ങള്‍’ എന്ന ലേഖന പരമ്പരയുടെ മുഖചിത്രം ഉണ്ണി ബാലകൃഷ്ണൻ തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാനേജ്മെന്റ് ഇടപെട്ടത്.
“ഫാസിസത്തിലേക്ക് ഇനിയെത്ര ദൂരം?” എന്ന തലക്കെട്ടോടെയുള്ള ആദ്യ ലേഖനത്തിൽ, സ്വാതന്ത്ര്യ സമരകാലത്തെ ആർഎസ്എസ്, ഹിന്ദുമഹാസഭ നിലപാടുകളെയും 2024 തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി മുസ്ലീങ്ങൾക്കെതിരെ നടത്തിയ പരാമർശങ്ങളെയും വിമർശിക്കുന്നുണ്ട്. മോദി സർക്കാരിന്റെ നയങ്ങൾക്ക് ഫാസിസ്റ്റ് സ്വഭാവമുണ്ടെന്ന് ലേഖനം സമർത്ഥിക്കുന്നു. താൻ റിപ്പോർട്ടർ ടിവിയിൽ ജോലി ചെയ്യുമ്പോൾ എഴുതിയ പരമ്പരയാണിതെന്നാണ് ഉണ്ണി ബാലകൃഷ്ണൻ മാനേജ്മെന്റിന് നൽകിയ വിശദീകരണം.

ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. സ്ഥാപനത്തിലെ ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ തന്നെ കേന്ദ്രസർക്കാരിനെതിരെ സിപിഎം പ്രസിദ്ധീകരണത്തിൽ ലേഖനമെഴുതുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മാനേജ്മെന്റിന്റെ അനുമതിയില്ലാതെ ജീവനക്കാർ പുറത്തുള്ള പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ നയങ്ങൾക്ക് വിരുദ്ധമാണ്. ഈ സാഹചര്യത്തിൽ ഉണ്ണി ബാലകൃഷ്ണന്റെ നിയമനത്തിന്റെ ഭാവി എന്താകുമെന്നും വിഷയത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമോ എന്നും കണ്ടറിയണം.