FinanceNationalNews

ക്ഷാമബത്തയും ക്ഷാമ ആശ്വാസവും 2 ശതമാനം വർദ്ധിപ്പിച്ച് ജമ്മു കാശ്മീർ സർക്കാർ; കുടിശിക പണമായി നൽകും

ക്ഷാമബത്തയും ക്ഷാമ ആശ്വാസവും 2 ശതമാനം വർദ്ധിപ്പിച്ച് ജമ്മു കാശ്മീർ സർക്കാർ. 53 ശതമാനത്തിൽ നിന്ന് 55 ശതമാനം ആയാണ് വർദ്ധിപ്പിച്ചത്. ഇതോടെ ക്ഷാമബത്ത കുടിശിക ഇല്ലാത്ത സർക്കാരായി ജമ്മു കാശ്മീർ സർക്കാർ. ഈ മാസം 4 നാണ് ക്ഷാമബത്ത വർദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.

വർദ്ധിപ്പിച്ച ക്ഷാമബത്തക്കും ക്ഷാമ ആശ്വാസത്തിനും 2025 ജനുവരി 1 മുതൽ പ്രാബല്യമുണ്ട്. ജനുവരി മുതലുള്ള 5 മാസത്തെ ക്ഷാമബത്ത കുടിശിക പണമായി നൽകുമെന്നും ഉത്തരവിൽ പറയുന്നു. ഈ മാസം തന്നെ കുടിശിക പണമായി വിതരണം ചെയ്യുമെന്നാണ് ഉത്തരവ്.

അതേ സമയം രാജ്യത്ത് ക്ഷാമബത്ത കുടിശികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് കേരളം. 6 ഗഡുക്കളാണ് കുടിശിക. 18 ശതമാനമാണ് കേരളത്തിൽ ക്ഷാമബത്ത കുടിശിക . പ്രഖ്യാപിച്ച ക്ഷാമബത്തക്ക് മറ്റ് എല്ലാ സംസ്ഥാനങ്ങളും കുടിശിക നൽകുമ്പോൾ കുടിശിക നൽകാത്ത സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിനാണ്.