Kerala Government News

സര്‍ക്കാര്‍ ജീവനക്കാര്‍ അവധിയെടുക്കുന്നതിന് നിയന്ത്രണം

സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് അവധി എടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യതകള്‍ കണക്കിലെടുത്ത് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനാണ് അവധി എടുക്കുന്നതിന് നിയന്ത്രണം. എല്ലാ വകുപ്പുകളിലെയും മുഴുവന്‍ ജീവനക്കാരും കാലവര്‍ഷവുമായി ബന്ധപ്പട്ടുള്ള അടിയന്തിര സാഹചര്യം നേരിടുന്നതിന് തങ്ങളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ തന്നെ ഉണ്ടായിരിക്കണമെന്നാണ് സർക്കാർ നിര്‍ദേശം.

ജില്ലാ റവന്യു ഭരണത്തിലെ സബ് കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നീ തസ്തികയിലുള്ള എല്ലാ ജീവനക്കാരും, ജില്ലാ തല ഉദ്യോഗസ്ഥരും ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതിയും, മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ തങ്ങളുടെ ജില്ലാ ഉദ്യോഗസ്ഥരുടെ അനുമതിയും കൂടാതെ അടിയന്തിര സാഹചര്യങ്ങളിലല്ലാതെ അവധി എടുക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

ബുധനാഴ്ച (28ന്) ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.