
സർക്കാർ ശമ്പളം 80000 രൂപ! സ്വരാജിന് സരിന്റെ വിധിയോ? യുവജനങ്ങളെ ഉപേക്ഷിച്ച് സ്വരാജിനെ ഉപദേശിക്കാൻ നിലമ്പൂരിലെത്തി സരിൻ
സർക്കാർ ശമ്പളം 80000 രൂപ വാങ്ങി പോക്കറ്റിലിട്ട് നിലമ്പൂരിലേക്ക് വണ്ടി കയറിയിരിക്കുകയാണ് പി. സരിൻ. വിജ്ഞാന കേരളത്തിന്റെ ഉപദേശകനാണ് സരിൻ. കേരളത്തിലെ യുവജനങ്ങൾക്ക് തൊഴിൽ സംഘടിപ്പിച്ചു കൊടുക്കുകയാണ് സരിന്റെ ജോലി. തൽക്കാലം ആ ജോലി വിട്ടിരിക്കുകയാണ് സരിൻ.
സിപിഎം സ്ഥാനാർത്ഥി എം. സ്വരാജിനെ ജയിപ്പിക്കാൻ 20 ദിവസം നിലമ്പൂർ ഉണ്ടാകും എന്ന് പ്രഖാപിച്ചിരിക്കുകയാണ് സരിൻ. യുവജനങ്ങളുടെ ജോലി അവർ നോക്കി കൊള്ളും , സ്വരാജ് ആണ് മുഖ്യം എന്ന നിലപാടിലാണ് സരിൻ. സ്വരാജിനെ ഉപദേശിച്ചാലും ശമ്പളം 80000 രൂപ കൃത്യമായി സരിന്റെ പോക്കറ്റിൽ കിട്ടും. ശമ്പളത്തിന് ഒരു കുറവും ഉണ്ടാകില്ല. നിയമപ്രകാരം സർക്കാർ ശമ്പളം പറ്റുന്നവർ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുവാൻ പാടില്ല. ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നൊക്കെയാണ് തെരഞ്ഞെടുപ്പ് ചട്ടം.
ജനപ്രതിനിധികൾക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവ്. അവർക്ക് പോലും തെരഞ്ഞെടുപ്പ് രംഗത്ത് ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ പാടില്ലെന്ന് ചട്ടത്തിൽ പറയുന്നുണ്ട്. അവസാന റൗണ്ട് എണ്ണുന്ന വരെ പാലക്കാട് താൻ ജയിക്കും എന്ന അവകാശവാദം ഉന്നയിച്ച ആളാണ് സരിൻ. ഫലം വന്നപ്പോൾ സരിന് കിട്ടിയത് മൂന്നാം സ്ഥാനം. കോൺഗ്രസ് ടിക്കറ്റിൽ ഒറ്റപ്പാലത്ത് മൽസരിച്ചപ്പോൾ സരിന് കിട്ടിയത് രണ്ടാം സ്ഥാനം.
സരിന്റെ 20 ദിവസത്തെ വിജ്ഞാന കേരള ഉപദേശം കൊണ്ട് സ്വരാജ് ജയിച്ചു കയറും എന്നാണ് സരിൻ ഫാൻസിൻ്റെ അവകാശവാദം. വിജ്ഞാന കേരളത്തിൽ ഇനിയും ഉപദേശക കസേരകൾ ഒഴിഞ്ഞ് കിടപ്പുണ്ട് എന്ന് വിജ്ഞാന കേരളത്തിന്റെ മുഖ്യ ഉപദേശകൻ തോമസ് ഐസക്ക് പറഞ്ഞിട്ടുണ്ട്. നിലമ്പൂരിൽ തോറ്റാലും സ്വരാജ് ബേജാറാവേണ്ട എന്ന് വ്യക്തം. സരിന് ഒപ്പം നിലമ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയാൽ വിജ്ഞാന കേരളം ജോലി ഉറപ്പ്. നിലമ്പൂർ സ്വദേശി ആണെങ്കിലും തിരുവനന്തപുരവും തൃപ്പുണിത്തുറയുമാണ് സ്വരാജിന് പഥ്യം.