FinanceNews

ശമ്പളം കൊടുക്കാൻ പണമില്ല! കേരളം 3000 കോടി കടം എടുക്കും; ഇതോടെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 9000 കോടിയായി

കേരളം വീണ്ടും കടം എടുക്കുന്നു. 3000 കോടി രൂപയാണ് കടം എടുക്കുന്നത്. കടപ്പത്രം പുറപ്പെടുവിക്കുന്നതിനായുള്ള ലേലം ജൂൺ 3 ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ – കുബേർ സംവിധാനം വഴി നടക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

ശമ്പള പെൻഷൻ വിതരണത്തിനാണ് 3000 കോടി കടം എടുക്കുന്നത്. ഏപ്രിൽ 29 ന് കേരളം 2000 കോടി കടം എടുത്തിരുന്നു. മെയ് മാസം 4000 കോടി കേരളം കടം എടുത്തു. മേയ് 20 ന് 2000 കോടിയും 27 ന് 2000 കോടിയും ആണ് കടം എടുത്തത്. ജൂൺ 3 ന് എടുക്കുന്ന 3000 കോടിയുടെ കടം കൂടെ ആകുമ്പോൾ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 9000 കോടിയിലേക്ക് കുതിച്ചു.

കേരളത്തിന് ഈ ഡിസംബർ വരെ 29529 കോടി കടം എടുക്കാം. ഇത് സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് അന്തിമ അനുമതി ലഭിച്ചിരുന്നു.കഴിഞ്ഞ സാമ്പത്തിക വർഷം ഡിസംബർ വരെ കടം എടുക്കാൻ അനുമതി ലഭിച്ചത് 21, 523 കോടി ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 8276 കോടി കൂടുതൽ ഇത്തവണ കടം എടുക്കാം.

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 3 ശതമാനമാണ് ഒരു വർഷം കടം എടുക്കാൻ ആകുന്നത്. അതനുസരിച്ച് 39876 കോടിയാണ് കേരളത്തിന്റെ വായ്പ പരിധിയായി നിശ്ചയിച്ചത്. ഇതിന് പുറമേ വൈദ്യുത മേഖലയിലെ പരിഷ്കാരങ്ങൾക്കുള്ള പ്രോൽസാഹനമായി അര ശതമാനം കൂടി അനുവദിക്കും.

6 ലക്ഷം കോടിയിലേക്ക് കുതിക്കുകയാണ് കേരളത്തിൻ്റെ കടബാധ്യത.പെൻഷൻ കമ്പനിയുടെയും കിഫ്ബിയുടേയും ബാധ്യതയാണ് കേരളത്തിന്റെ കടം 6 ലക്ഷം കോടിയിലേക്ക് ഉയർത്തിയത്. ഇത് കൂടാതെ 2 ലക്ഷം കോടിയുടെ കുടിശികയും സർക്കാരിനുണ്ട്. ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രം 1 ലക്ഷം കോടിയുടെ കുടിശികയുണ്ട്.ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ്, കർഷകർ, കെട്ടിട നിർമാണ തൊഴിലാളികൾ , കരാറുകാർ എന്നിവരുടെ കുടിശികയും 1 ലക്ഷം കോടി കവിഞ്ഞു.