CrimeNews

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്റലിജന്റ്‌സ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ഒളിവിലുള്ള സഹപ്രവർത്തകൻ സുകാന്തിനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി.

ഐബി ഉദ്യോഗസ്ഥയെ സഹപ്രവർത്തകൻ ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നുവെന്ന് പിതാവ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് തെളിവുകളും കൈമാറിയിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ യുവതി ഗർഭചിദ്രം നടത്തിയതിന്റെ ആശുപത്രി രേഖകൾ പൊലീസിനു ലഭിച്ചിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം സുകാന്ത് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരുന്നു. യുവതിയെ വിവാഹം കഴിച്ച ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും യുവതിയുടെ വീട്ടുകാരാണ് തടസം സൃഷ്്ടിച്ചതെന്നുമാണ് സുകാന്ത് പറഞ്ഞത്. എന്നാൽ യുവതിയുടെ കുടുംബം ഇതു പൂർണമായി തള്ളിയിരുന്നു. വിവാഹാലോചനയുമായി സുകാന്തിന്റെ വീട്ടുകാർ എത്തിയിരുന്നില്ലെന്ന് യുവതിയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു.