CrimeNews

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചു; നില ഗുരുതരം

തിരുവനന്തപുരം: വെഞ്ഞാറമൂട് അഞ്ചുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാൻ (23) ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചു. ഞായറാഴ്ച (ഇന്ന്) രാവിലെയാണ് സംഭവം. ജയിലിലെ ശുചിമുറിയിൽ മുണ്ട് ഉപയോഗിച്ച് തൂങ്ങിമരിക്കാനായിരുന്നു ശ്രമം. ഉടൻതന്നെ ജയിൽ അധികൃതർ ഇടപെട്ട് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ മെഡിക്കല്‍ ഐസിയുവിലാണ് വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഇന്ന് 11 മണിയോടെയാണ് യുടി ബ്ലോക്കിലെ ശുചിമുറിക്കുള്ളില്‍ കയറി ജീവനൊടുക്കാൻ ശ്രമിച്ചത്. സമീപത്ത് അലക്കിയിട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. തടവുകാർക്ക് ഫോണ്‍ വിളിക്കാനും രണ്ടര മണിക്കൂറില്‍ സിനിമ കാണാനും അനുവദിക്കാറുണ്ട്. അഫാനൊപ്പമുണ്ടായിരുന്ന തടവുകാരൻ ഫോണ്‍ചെയ്യാൻ പോയിരുന്നു. ഇയാളെ നോക്കാനായി ജയില്‍ ജീവനക്കാരൻ പോയ സമയത്താണ് അഫാൻ മുണ്ടുമായി ശുചിമുറിയില്‍ കയറി തൂങ്ങിയത്.

വെള്ളിയാഴ്ച കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അഫാന്റെ ആത്മഹത്യാശ്രമം. അഫാന്റെ മുത്തശ്ശി സൽമാ ബീവി (91) കൊല്ലപ്പെട്ട കേസിലാണ് നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് ആദ്യ കുറ്റപത്രം നൽകിയത്.

ഈ വർഷം ഫെബ്രുവരി 24-നാണ് കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകങ്ങൾ നടന്നത്. അഫാൻ സ്വന്തം കുടുംബാംഗങ്ങളടക്കം അഞ്ചുപേരെ തലസ്ഥാന ജില്ലയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ പ്രതിയുടെ മാതാവ് ഷെമിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

അഫാന്റെ സഹോദരൻ അഫ്സാൻ (13), മുത്തശ്ശി സൽമാ ബീവി (91), അമ്മാവൻ അബ്ദുൾ ലത്തീഫ്, അമ്മായി ഷാഹിദ, കാമുകി ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്. ചുറ്റികയും മൂർച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ചാണ് എല്ലാ കൊലപാതകങ്ങളും നടത്തിയതെന്നും മൃതദേഹങ്ങളിൽ സമാനമായ മാരകമായ മുറിവുകളുണ്ടായിരുന്നെന്നും പോലീസ് കണ്ടെത്തിയിരുന്നു.