
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19ന്, വോട്ടെണ്ണൽ ജൂൺ 23ന്
ന്യൂഡൽഹി: കേരള രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമായ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. പി.വി. അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 19-ന് വോട്ടെടുപ്പും ജൂൺ 23-ന് വോട്ടെണ്ണലും നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം നാളെ (മെയ് 26) പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രികകൾ ജൂൺ രണ്ട് വരെ സമർപ്പിക്കാം. ജൂൺ മൂന്നിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.
നിലമ്പൂരിന് പുറമെ രാജ്യത്തെ മറ്റ് നാല് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19-ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗുജറാത്തിലെ കാദി (പട്ടികജാതി സംവരണം), വിസാവദർ മണ്ഡലങ്ങളിലും, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, പശ്ചിമ ബംഗാളിലെ കാളിഗഞ്ച് എന്നീ മണ്ഡലങ്ങളിലുമാണ് ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഉപതിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന് ആവശ്യപ്പെട്ട് പി.വി. അൻവർ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. ഈ ആവശ്യം കൂടി പരിഗണിച്ചാണ് കമ്മീഷന്റെ നടപടിയെന്നാണ് സൂചന. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടക്കും.