
അബുദാബിയിൽ താമസ വാടക കുതിക്കുന്നു; 12% വരെ വർധന, കാരണം അറിയാം…
അബുദാബി: യു.എ.ഇ തലസ്ഥാനമായ അബുദാബിയിൽ താമസ സ്ഥലങ്ങളുടെ വാടകയിൽ വൻ കുതിച്ചുചാട്ടം. കഴിഞ്ഞ 18 മാസത്തിനിടെ വിപണിയിലെത്തിയ പുതിയ ഭവന യൂണിറ്റുകൾ വളരെ വേഗത്തിൽ ആളുകൾ ഏറ്റെടുത്തതും, താമസക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും, ആവശ്യകത ഗണ്യമായി ഉയർന്നതുമാണ് വാടക 12 ശതമാനം വരെ വർധിക്കാൻ കാരണമായത്.
2025-ന്റെ ആദ്യ പാദത്തിൽ (Q1 2025) ജുബൈൽ ദ്വീപ്, ബ്ലൂം ലിവിംഗ്, അൽ റാഹ ബീച്ച് തുടങ്ങിയ പ്രദേശങ്ങളിലായി 700 അപ്പാർട്ട്മെന്റുകളും 500 വില്ലകളും ഉൾപ്പെടെ ഏകദേശം 1,200 പുതിയ താമസ യൂണിറ്റുകളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. എന്നിട്ടും, പ്രധാന നിക്ഷേപ മേഖലകളിൽ 95 ശതമാനത്തിലധികം താമസക്കാരുണ്ടെന്നും ഒഴിവുകൾ കുറവാണെന്നും റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ ആസ്റ്റെക്കോയുടെ റിപ്പോർട്ടിൽ പറയുന്നു. യാസ് ഐലൻഡ്, മസ്ദാർ സിറ്റി, സാദിയാത് ഐലൻഡ്, അൽ റീം ഐലൻഡ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ഈ വർഷാവസാനത്തോടെ ഏകദേശം 5,500 പുതിയ താമസ യൂണിറ്റുകൾ കൂടി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 സെപ്റ്റംബറിലെ കണക്കനുസരിച്ച് 3.789 ദശലക്ഷമായി ജനസംഖ്യ ഉയർന്നത് വാടകക്കാരുടെയും വാങ്ങുന്നവരുടെയും എണ്ണത്തിൽ കാര്യമായ വർധനവുണ്ടാക്കിയിട്ടുണ്ട്.
“കഴിഞ്ഞ 18 മാസമായി വിപണിയിലെത്തിയ പുതിയ ഭവനങ്ങളെല്ലാം ഉയർന്ന താമസനിരക്ക് നിലനിർത്തി. അൽ റാഹ ബീച്ച് പോലുള്ള പ്രദേശങ്ങളിലെ പുതിയ കെട്ടിടസമുച്ചയങ്ങളിൽ 95 ശതമാനത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്, മികച്ച വാടകയും ലഭിക്കുന്നു,” ആസ്റ്റെക്കോ വ്യക്തമാക്കി. “കഴിഞ്ഞ മൂന്ന് വർഷമായി അബുദാബിയിലെ ഭവന വിപണിയിലുള്ള ശക്തമായതും സ്ഥിരതയുള്ളതുമായ ആവശ്യകതയാണ് വാടക വർധനവിലൂടെയും ഉയർന്ന താമസനിരക്കിലൂടെയും വ്യക്തമാകുന്നത്,” റിപ്പോർട്ടിൽ പറയുന്നു.
2025-ന്റെ ആദ്യ പാദത്തിൽ, അപ്പാർട്ട്മെന്റുകളുടെ ശരാശരി വാടക മുൻ പാദത്തെ അപേക്ഷിച്ച് 4 ശതമാനവും, മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 10 ശതമാനവും വർധിച്ചു. ഉയർന്ന നിലവാരത്തിലുള്ള അപ്പാർട്ട്മെന്റുകളുടെ വാടകയിൽ 8 മുതൽ 12 ശതമാനം വരെയും ഇടത്തരം വിഭാഗത്തിൽ 5 മുതൽ 8 ശതമാനം വരെയും ശരാശരി വർധനയുണ്ടായി. വില്ല വിപണിയിൽ, സാദിയാത്, യാസ് ദ്വീപുകൾ പോലുള്ള പ്രധാന സ്ഥലങ്ങളിലെ ആഢംബര വില്ലകളുടെ വാടകയിലാണ് ഏറ്റവും കൂടുതൽ വർധനയുണ്ടായത്. ചിലയിടങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വരെ വാടക ഉയർന്നു. ഉയർന്ന നിലവാരത്തിലുള്ള വില്ലാ സമുച്ചയങ്ങളിൽ ശരാശരി 4 മുതൽ 7 ശതമാനം വരെ വാടക വർധന രേഖപ്പെടുത്തി.
അബുദാബിയിലെ റിയൽ എസ്റ്റേറ്റ് മേഖല കഴിഞ്ഞ വർഷത്തെ ശക്തമായ മുന്നേറ്റം 2025-ലും തുടരുകയാണെന്നും ആഗോള നിക്ഷേപകർക്ക് ആകർഷകമായ സ്ഥലമായി തുടരുകയാണെന്നും ബയൂത് സി.ഇ.ഒ ഹൈദർ അലി ഖാൻ പറഞ്ഞു. “സോവറിൻ വെൽത്ത് ഫണ്ടുകളിൽ നിന്നുള്ള മൂലധന പ്രവാഹവും വളർന്നുവരുന്ന സംരംഭകത്വ സാധ്യതകളും എമിറേറ്റിൽ പുതിയ താൽപ്പര്യം സൃഷ്ടിക്കുന്നു. 2024-ൽ 30-ൽ അധികം പുതിയ പദ്ധതികൾ ആരംഭിക്കുകയും 7.8 ബില്യൺ ദിർഹത്തിന്റെ വിദേശ നിക്ഷേപം രേഖപ്പെടുത്തുകയും ചെയ്തതോടെ, അബുദാബി പ്രോപ്പർട്ടി നിക്ഷേപത്തിനുള്ള മികച്ചതും ഭാവിയെ മുന്നിൽക്കണ്ടുള്ളതുമായ ഒരു കേന്ദ്രമായി മാറുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. 2025-ലും നിരവധി പുതിയ ഭവന പദ്ധതികൾ പ്രഖ്യാപിക്കപ്പെടുമെന്നും ആസ്റ്റെക്കോയുടെ റിപ്പോർട്ടിൽ പറയുന്നു.