Cinema

സൗബിനും കൂട്ടർക്കും തിരിച്ചടി; ‘മഞ്ഞുമ്മൽ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം കേരള ഹൈക്കോടതി തള്ളി.

നടൻ സൗബിൻ ഷാഹിർ, ഷോൺ ആന്റണി, ബാബു ഷാഹിർ എന്നിവർ സംയുക്തമായി സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിൽ വന്നത്. ഹർജി നിരാകരിച്ചതോടെ, കേസിൽ പോലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്തതുപോലെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി മരട് സ്വദേശിയായ സിറാജ് വലിയതുറ നൽകിയ പരാതിയെ തുടർന്നാണ് പറവൂർ പോലീസ് നിർമ്മാതാക്കൾക്കെതിരെ കേസെടുത്തത്.

എന്നാൽ, സിനിമയുടെ നിർമ്മാണത്തിനായി സിറാജ് നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് കൈമാറിയില്ലെന്നും, ഇത് സിനിമയുടെ ചിത്രീകരണ ഷെഡ്യൂളുകൾ തടസ്സപ്പെടുത്തുകയും നിർമ്മാണം വൈകാൻ കാരണമായെന്നും ചൂണ്ടിക്കാട്ടി നിർമ്മാതാക്കളും നേരത്തെ രംഗത്തെത്തിയിരുന്നു.

നേരത്തെ, ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതികൾക്ക് കേസിൽ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്. ഹർജി തള്ളിയ സാഹചര്യത്തിൽ, പോലീസ് നടത്തുന്ന തുടരന്വേഷണത്തിൽ നിർമ്മാതാക്കൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടായേക്കുമെന്നാണ് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇത് നിർമ്മാതാക്കൾക്ക്, വിശേഷിച്ച് സൗബിൻ ഷാഹിറിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.