MediaNews

ഉണ്ണി ബാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിലേക്ക്; റിപ്പോർട്ടർ ടിവിക്ക് തിരിച്ചടി

കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടിവിയിലെ ഡിജിറ്റൽ മീഡിയ തലവനുമായ ഉണ്ണി ബാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിൽ ചേരുന്നു. ഏഷ്യാനെറ്റ് ന്യൂസില്‍ സീനിയർ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് പദവിയിലേക്കായിരിക്കും അദ്ദേഹം നിയമിക്കപ്പെടുകയെന്നാണ് അറിയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിൻ്റെ മുന്നോട്ടുള്ള വാർത്താ നയങ്ങൾ രൂപകല്പന ചെയുന്നതിൽ അടക്കം സുപ്രധാന ദൗത്യമാണ് പുതിയ നിയമനം.

റിപ്പോർട്ടർ ടിവിയിൽ എഡിറ്റോറിയൽ ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹം, ചാനലിലെ ശ്രദ്ധേയമായ മുഖങ്ങളിൽ ഒരാളായിരുന്നു. ഈ നീക്കം മലയാളം വാർത്താ ചാനൽ രംഗത്ത് ചർച്ചയായിട്ടുണ്ട്.

വർഷങ്ങളായി ചാനല്‍ റേറ്റിംഗില്‍ ഒന്നാമതായിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ പിന്തള്ളി റിപ്പോർട്ടർ ചാനല്‍ ആ സ്ഥാനത്തേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ടർ ടിവിയിലെ പ്രമുഖനെ തന്നെ ചാനലില്‍ നിന്ന് പുറത്തിറക്കി ഏഷ്യാനെറ്റ് ന്യൂസ് സർജിക്കല്‍ സ്ട്രൈക്ക് നടത്തിയിരിക്കുന്നത്.

അനുഭവസമ്പത്തും വിഷയങ്ങളിലുള്ള ആധികാരികതയും കൊണ്ട് ശ്രദ്ധേയനായ ഉണ്ണി ബാലകൃഷ്ണൻ, അരുൺ കുമാർ ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം റിപ്പോർട്ടർ ടിവിയിൽ സജീവമായിരുന്നു. ചാനലിന്റെ പ്രധാന ചർച്ചകളിലും പരിപാടികളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യകാല മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്ന ഉണ്ണി ബാലകൃഷ്ണൻ, ഡൽഹി റിപ്പോർട്ടറായും ബ്യൂറോ ചീഫായും പ്രവർത്തിച്ച കാലത്താണ് ടെലിവിഷൻ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതനായത്. പിന്നീട് ഏഷ്യാനെറ്റ് ന്യൂസ് വിട്ട അദ്ദേഹം, മാതൃഭൂമി ന്യൂസിലും യുടോക് എന്ന ഓൺലൈൻ ചാനലിലും പ്രവർത്തിച്ച ശേഷമാണ് റിപ്പോർട്ടർ ടിവിയിൽ എത്തിയത്.

കലാകൗമുദിയിലൂടെ മാധ്യമ പ്രവർത്തനം ആരംഭിച്ച ഉണ്ണി ബാലകൃഷ്ണൻ 1996-ലാണ് ഏഷ്യാനെറ്റ് ന്യൂസിൽ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 2011-ൽ അവിടെനിന്നും രാജിവെച്ച് 2012-ൽ മാതൃഭൂമി ന്യൂസിന്റെ ഭാഗമായി. 2021-ൽ മാതൃഭൂമിയിൽ നിന്നും പടിയിറങ്ങിയ അദ്ദേഹം, 2022 മുതൽ റിപ്പോർട്ടർ ടിവിയിൽ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു.

1998 മുതൽ 2010 വരെയുള്ള കാലയളവിൽ ഡൽഹി കേന്ദ്രീകരിച്ച് കാണ്ഡഹാർ വിമാന റാഞ്ചൽ, കാർഗിൽ യുദ്ധം, ഡൽഹി ബോംബ് സ്‌ഫോടന പരമ്പര, മുംബൈ ഭീകരാക്രമണം, നിരവധി പൊതുതെരഞ്ഞെടുപ്പുകൾ തുടങ്ങിയ നിർണായക സംഭവങ്ങൾ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024-ലെ പൊതുതെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം നടത്തിയ തെരഞ്ഞെടുപ്പ് ഫലപ്രവചനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഉണ്ണി ബാലകൃഷ്ണന്റെ ഏഷ്യാനെറ്റ് ന്യൂസിലേക്കുള്ള മടക്കം ചാനലിന്റെ വാർത്താവിഭാഗത്തിന് കൂടുതൽ കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.