CrimeNews

മൂന്നുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടു; അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍

ആലുവ തിരുവാങ്കുളത്ത് മൂന്നുവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. മരണത്തിന് മുമ്പ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് കേസിന്റെ ഗതി മാറിയത്. ഈ സംഭവത്തിൽ കുട്ടിയുടെ അടുത്ത ബന്ധുവിനെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മ സന്ധ്യയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം ഈ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

പോലീസിന് ലഭിച്ച പ്രാഥമിക വിവരങ്ങളനുസരിച്ച്, കസ്റ്റഡിയിലുള്ള ബന്ധു കഴിഞ്ഞ ഒരു വർഷമായി കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവരികയായിരുന്നു. ഞെട്ടിക്കുന്ന കാര്യമെന്തെന്നാൽ, കുട്ടിയുടെ മരണാനന്തര ചടങ്ങുകളിൽ ഇയാൾ സജീവമായി പങ്കെടുത്തിരുന്നു എന്നതാണ്. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ നൽകിയ നിർണായക സൂചനകളെത്തുടർന്ന് അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പോലീസ് പിടികൂടിയത്.

നേരത്തെ, ഭർത്താവിനോടും വീട്ടുകാരോടുമുള്ള പക തീർക്കാൻ, അവരുടെ കണ്ണീര് കാണാനാണ് താൻ മകളെ കൊലപ്പെടുത്തിയതെന്നാണ് കുട്ടിയുടെ അമ്മ സന്ധ്യ പോലീസിന് മൊഴി നൽകിയിരുന്നത്. എറണാകുളം ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തിയ സന്ധ്യയെ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും, കോടതി ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. സന്ധ്യ നിലവിൽ കാക്കനാട് വനിതാ സബ് ജയിലിലാണ് കഴിയുന്നത്.

പ്രതി സന്ധ്യയുടെ മാനസികനില സംബന്ധിച്ച് വിദഗ്ധ ഡോക്ടർമാരുടെ ഉപദേശം തേടുമെന്ന് റൂറൽ എസ്.പി. എം. ഹേമലത നേരത്തെ വ്യക്തമാക്കിയിരുന്നു. കൊലപാതക കുറ്റമാണ് സന്ധ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം ഇപ്പോഴും പൂർണ്ണമായി വ്യക്തമായിട്ടില്ല. സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെയും കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിലൂടെയും ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.