Business

നിസ്സാൻ 20,000 ജീവനക്കാരെ പിരിച്ചുവിട്ടേക്കും

ടോക്കിയോ: ജാപ്പനീസ് വാഹന നിർമ്മാണ ഭീമനായ നിസ്സാൻ മോട്ടോർ കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഏകദേശം 4.74 ബില്യൺ ഡോളർ മുതൽ 5.08 ബില്യൺ ഡോളർ വരെ റെക്കോർഡ് നഷ്ടം കമ്പനിക്ക് സംഭവിക്കുമെന്നാണ് ഓഹരി ഉടമകൾക്ക് നൽകിയിട്ടുള്ള മുന്നറിയിപ്പ്. ഇതിനുപുറമെ, 20,000 ജീവനക്കാരെ പിരിച്ചുവിടാനും കമ്പനി ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത് കമ്പനിയുടെ മൊത്തം ജീവനക്കാരുടെ 15 ശതമാനത്തോളം വരും.

കഴിഞ്ഞ വർഷം നവംബറിൽ നിസ്സാൻ 9,000 ജീവനക്കാരെ പിരിച്ചുവിടുകയും ആഗോളതലത്തിലെ ഉൽപ്പാദന ശേഷി 20 ശതമാനം കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ 11,000 ജീവനക്കാരെക്കൂടി പിരിച്ചുവിടാൻ കമ്പനി തീരുമാനിച്ചിരിക്കുകയാണ്.

റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, യുഎസ്, ചൈന തുടങ്ങിയ പ്രധാന വിപണികളിലെ വിൽപ്പനയിലുണ്ടായ വലിയ ഇടിവാണ് കമ്പനിയുടെ ഈ നീക്കത്തിന് കാരണം. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ നിസ്സാന്റെ അറ്റാദായം 94 ശതമാനം വരെ കുറഞ്ഞിരുന്നു.

അമേരിക്കയിലും ചൈനയിലുമുള്ള ദുർബലമായ വിൽപ്പന നിസ്സാന് വലിയ നഷ്ടമുണ്ടാക്കി. ഇതിനു പിന്നാലെ ഹോണ്ടയുമായുള്ള ലയന ചർച്ചകളും പരാജയപ്പെട്ടു. അടുത്തിടെ കമ്പനിക്ക് അവരുടെ ചീഫ് എക്സിക്യൂട്ടീവിനെ മാറ്റേണ്ടിയും വന്നു. മറ്റ് എതിരാളികളെപ്പോലെ, യുഎസ് താരിഫുകളും തെക്കുകിഴക്കൻ ഏഷ്യയിലെയും മറ്റ് വിപണികളിലെയും അതിവേഗം വളരുന്ന ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ ഭീഷണിയും നിസ്സാൻ നേരിടുന്നുണ്ട്.

കാലഹരണപ്പെട്ട ഉൽപ്പന്ന ശ്രേണി, ഡീലർഷിപ്പുകളിലെ പ്രശ്നങ്ങൾ, വടക്കേ അമേരിക്കയിൽ ഹൈബ്രിഡ് വാഹനങ്ങളുടെ കുറവ് എന്നിവ നിസ്സാന്റെ പ്രതിസന്ധിക്ക് കൂടുതൽ ആക്കം കൂട്ടി. ഇതിനുപുറമെ, ചൈനയിലെ ബിവൈഡി പോലുള്ള പ്രാദേശിക ഇലക്ട്രിക്, ഹൈബ്രിഡ് വാഹന നിർമ്മാതാക്കളിൽ നിന്നും കടുത്ത വെല്ലുവിളിയാണ് നിസ്സാൻ നേരിടുന്നത്.

ഈ വർഷം ആദ്യം ഹോണ്ടയുമായുള്ള ലയന പദ്ധതിയും നിസ്സാൻ ഉപേക്ഷിച്ചിരുന്നു. റേറ്റിംഗ് ഏജൻസികളും കമ്പനിയുടെ റേറ്റിംഗ് കുറച്ചു. കഴിഞ്ഞ മാർച്ച് മാസത്തിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ ഫലങ്ങൾ ചൊവ്വാഴ്ച കമ്പനി പുറത്തുവിടും. എന്നിരുന്നാലും, ഈ പിരിച്ചുവിടൽ വാർത്തയെക്കുറിച്ച് നിസ്സാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഫോക്‌സ്‌വാഗൺ, വോൾവോ, പോർഷെ തുടങ്ങിയ മറ്റ് പ്രമുഖ വാഹന നിർമ്മാതാക്കളും അടുത്തിടെ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ, നിസ്സാന്റെ ഈ നീക്കം ഓട്ടോമൊബൈൽ വ്യവസായത്തിലെ വളർന്നുവരുന്ന പ്രതിസന്ധിയുടെ സൂചനയാണ്. നിസ്സാന്റെ ഈ തീരുമാനം ആയിരക്കണക്കിന് ജീവനക്കാരുടെ ഭാവിയെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, കമ്പനിക്ക് ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് അനിവാര്യമാണ്.