
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. ഏകദേശം 40 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്ന് സ്ത്രീകൾ എയർ കസ്റ്റംസിൻ്റെ പിടിയിലായി. 34 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവും മിഠായികളിലും ബിസ്കറ്റുകളിലും കലർത്തിയ എംഡിഎംഎയുമാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്.
തായ്‌ലാൻഡിൽ നിന്ന് എത്തിയ എയർ ഏഷ്യ വിമാനത്തിലെ യാത്രക്കാരായ ചെന്നൈ സ്വദേശി റാബിയത്ത് സൈദു സൈനുദ്ദീൻ, കോയമ്പത്തൂർ സ്വദേശി കവിത രാജേഷ് കുമാർ, തൃശൂർ സ്വദേശി സിമി ബാലകൃഷ്ണൻ എന്നിവരാണ് പിടിയിലായത്.
പിടിച്ചെടുത്ത ലഹരിവസ്തുക്കളിൽ 34 കിലോ ഹൈബ്രിഡ് കഞ്ചാവും 15 കിലോയോളം തൂക്കം വരുന്ന തായ്‌ലൻഡ് നിർമ്മിത ചോക്ലേറ്റുകൾ, കേക്കുകൾ എന്നിവയിൽ കലർത്തിയ രാസലഹരിയും ഉൾപ്പെടുന്നു. എയർ കസ്റ്റംസും എയർ ഇൻ്റലിജൻസ് യൂണിറ്റും സംയുക്തമായാണ് ഇവരെ പിടികൂടിയത്. കേരളത്തിലെ പ്രധാന നഗരങ്ങളിൽ വിപണനം ചെയ്യാനായി കൊണ്ടുവന്നതായിരുന്നു ഈ ലഹരിമരുന്നുകൾ എന്ന് അധികൃതർ അറിയിച്ചു. അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസവും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. അന്ന് 18 കിലോ കഞ്ചാവുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ കണ്ണൂർ മട്ടന്നൂർ സ്വദേശികളായ രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർച്ചയായ രണ്ടാം ദിവസമാണ് കരിപ്പൂരിൽ ഇത്രയധികം ലഹരിമരുന്ന് പിടികൂടുന്നത്.