
തിരുവനന്തപുരം: 2025ലെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് വാർത്താ സമ്മേളനത്തിൽ ഫലം ഔദ്യോഗികമായി അറിയിച്ചത്.
എസ്എസ്എൽസി റെഗുലർ വിഭാഗത്തിൽ ഇത്തവണ 4,27,020 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 4,24,583 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. സംസ്ഥാനത്തെ വിജയശതമാനം 99.5 ആണ്. കഴിഞ്ഞ വർഷത്തെ വിജയശതമാനമായ 99.69 നെ അപേക്ഷിച്ച് 0.19 ശതമാനം കുറവ് ഇത്തവണ രേഖപ്പെടുത്തി.
എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം 61,449 ആണ്. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വിജയം നേടിയത് കണ്ണൂർ ജില്ലയാണ് (99.87 ശതമാനം). ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരം ജില്ലയിലാണ് (98.59 ശതമാനം).
ഔദ്യോഗിക വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. ഈ വർഷം വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം എസ്എസ്എൽസി പരീക്ഷാഫലം ഡിജിലോക്കറിലും ലഭ്യമാക്കിയിട്ടുണ്ട്.
എസ്എസ്എൽസി ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:
- results.kerala.gov.in
- www.results.kite.kerala.gov.in
- കൈറ്റിന്റെ SAPHALAM 2025 മൊബൈൽ ആപ്പ്
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി (എച്ച്ഐ) ഫലം http://sslchiexam.kerala.gov.in
എന്ന വെബ്സൈറ്റിലും, ടിഎച്ച്എസ്എൽസി (എച്ച്ഐ) ഫലം http://thslchiexam.kerala.gov.in
എന്ന വെബ്സൈറ്റിലും, എഎച്ച്എസ്എൽസി ഫലം http://ahslcexam.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാകും.