News

എം.ആർ. അജിത് കുമാറിന് സുപ്രധാന പദവി നല്‍കി ഐപിഎസ് തലപ്പത്ത് അഴിച്ചുപണി

സംസ്ഥാന പോലീസ് സേനയുടെ തലപ്പത്ത് വലിയ അഴിച്ചുപണി നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വസ്തനായ എം.ആർ. അജിത് കുമാറിന് സുപ്രധാന തസ്തിക നൽകിയാണ് മുഖ്യമന്ത്രിയുടെ നീക്കം. ബറ്റാലിയൻ എഡിജിപിയായിരുന്ന അജിത് കുമാറിനെ പുതിയ എക്സൈസ് കമ്മീഷണറായി നിയമിച്ചു.

നേരത്തെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയ അജിത് കുമാറിനെ തന്ത്രപ്രധാനമായ പദവിയിലേക്ക് തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്. ആരോപണങ്ങളും പരാതികളും ഉയർന്നതിനെ തുടർന്നാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത്. എന്നാൽ തന്റെ വിശ്വസ്തനെ കൈവിടില്ലെന്ന സൂചനയാണ് പുതിയ നിയമനം നൽകുന്നത്.

ഡിജിപി റാങ്കിലെത്തിയ മനോജ് എബ്രഹാമിനെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ഡയറക്ടറായി നിയമിച്ചു. നിലവിലെ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയെ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ ചുമതലയിലേക്ക് മാറ്റി. ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായയെ കേരള പോലീസ് അക്കാദമി ഡയറക്ടറായും നിയമിച്ചു. എക്സൈസ് കമ്മീഷണറായിരുന്ന മഹിപാൽ യാദവിനെ ക്രൈംബ്രാഞ്ച് എഡിജിപിയായി നിയമിച്ചിട്ടുണ്ട്.

ഇന്റലിജൻസ് ഐജി സ്പർജൻ കുമാറിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഐജി പി. പ്രകാശിനെ കോസ്റ്റൽ പോലീസ് ഐജിയായി നിയമിച്ചു. കേരള പോലീസ് അക്കാദമി ഡയറക്ടറായിരുന്ന കെ. സേതുരാമനാണ് പുതിയ ജയിൽ മേധാവി. കൊച്ചി ക്രൈംബ്രാഞ്ച് ഐജി എ. അക്ബറിനെ ആഭ്യന്തര സുരക്ഷാ ഐജിയായും നിയമിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.