
വത്തിക്കാൻ സിറ്റി: 2025 ലെ പേപ്പൽ കോൺക്ലേവിൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തു! വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് അൽപ്പം മുൻപ് വെളുത്ത പുക ഉയർന്നു. പേര് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മണികൾ മുഴങ്ങുന്നത് ഒരു പുതിയ മാർപാപ്പയെ ഒടുവിൽ തിരഞ്ഞെടുത്തുവെന്നതിന്റെ സൂചനയാണ്. 140 കോടി അംഗങ്ങളുള്ള സഭയെ നയിക്കാനാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നത്.
ഇന്ന് രാവിലെ സിസ്റ്റീൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് വീണ്ടും കറുത്ത പുക ഉയർന്നത് കത്തോലിക്കാ സഭയുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൻ്റെ രണ്ടാം ഘട്ടത്തിലോ മൂന്നാം ഘട്ടത്തിലോ മാർപാപ്പയെ തിരഞ്ഞെടുത്തിട്ടില്ല എന്നതിൻ്റെ സൂചനയായിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള രാവിലെ നടന്ന വോട്ടെടുപ്പിന് ശേഷം വ്യാഴാഴ്ച രാവിലെ 11:50 ന് പുക പുറത്തേക്ക് വന്നു.
പുതിയ മാർപാപ്പയെ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്?
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിൽ ഓരോ കർദ്ദിനാളും താൻ തിരഞ്ഞെടുക്കുന്ന വ്യക്തിയുടെ പേര് “ഞാൻ പരമോന്നത പുരോഹിതനായി തിരഞ്ഞെടുക്കുന്നു” എന്ന വാക്കുകളോടെ ഒരു കടലാസിൽ എഴുതും. അതിനുശേഷം, കർദ്ദിനാളന്മാർ ഓരോരുത്തരായി ബലിപീഠത്തിലേക്ക് വരികയും “എൻ്റെ വിധിയെ നിയന്ത്രിക്കുന്ന ക്രിസ്തുവിനെ സാക്ഷിയാക്കി ഞാൻ പറയുന്നു, ദൈവത്തിനു മുൻപാകെ തിരഞ്ഞെടുക്കപ്പെടണമെന്ന് ഞാൻ കരുതുന്ന വ്യക്തിക്കാണ് എൻ്റെ വോട്ട്” എന്ന് പറയുകയും ചെയ്യും. മടക്കിയ ബാലറ്റുകൾ ഒരു വൃത്താകൃതിയിലുള്ള തളികയിൽ വെച്ച്, അണ്ഡാകൃതിയിലുള്ള വെള്ളി, സ്വർണ്ണ പാത്രത്തിലേക്ക് ഇടും.