FinanceNews

സ്വർണവില കുതിച്ചുയർന്ന് 72,000 കടന്നു; ഇന്ന് മാത്രം വർധിച്ചത് 2000 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് മാത്രം പവന് 2000 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവില 72,000 രൂപ കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 72,200 രൂപയാണ്. വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന ഉപഭോക്താക്കൾക്ക് ഈ കുത്തനെയുള്ള വില വർധനവ് വലിയ തിരിച്ചടിയായിരിക്കുകയാണ്.

ഈ മാസത്തിൽ ഇന്നലെയാണ് സ്വർണവില ആദ്യമായി ഉയർന്നത്. ഇന്നലെ പവന് 160 രൂപ വർധിച്ചിരുന്നു. മെയ് മാസം ആരംഭിച്ചതോടെ സ്വർണവില തുടർച്ചയായി കുറഞ്ഞത് ഉപഭോക്താക്കൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. മെയ് മാസത്തിന്റെ തുടക്കത്തിൽ പവന് 1720 രൂപ വരെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണവില 70,000 രൂപയ്ക്ക് താഴെ എത്തുമോ എന്ന പ്രതീക്ഷ പലരും പങ്കുവെച്ചു.

പണിക്കൂലിയും ചേർത്ത്

സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവയും ഉപഭോക്താക്കൾ നൽകേണ്ടതുണ്ട്. 3 ശതമാനമാണ് ജിഎസ്ടി. ഹോൾമാർക്ക് ഫീസ് 45 രൂപയും അതിന്റെ 18% ജിഎസ്ടിയും (53.10 രൂപ) ആണ് ഈടാക്കുന്നത്. പണിക്കൂലി ഓരോ ജ്വല്ലറിയിലെയും ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് വ്യത്യാസപ്പെടാം. ഇത് 3% മുതൽ 35% വരെയാകാം. ബ്രാൻഡഡ് അല്ലെങ്കിൽ ഡിസൈനർ ആഭരണങ്ങൾക്കാണ് സാധാരണയായി കൂടുതൽ പണിക്കൂലി ഈടാക്കുന്നത്.

ഉദാഹരണത്തിന്, ഇന്ന് 5% പണിക്കൂലിയോടെ ഒരു പവൻ ആഭരണം വാങ്ങുകയാണെങ്കിൽ, നികുതിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏകദേശം 78,140 രൂപ നൽകേണ്ടിവരും. ഒരു ഗ്രാം സ്വർണാഭരണത്തിന് ഇത് ഏകദേശം 9,768 രൂപയായിരിക്കും.

കാരണം:

രാജ്യാന്തര സ്വർണവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് കേരളത്തിലും പ്രതിഫലിച്ചത്. അമേരിക്കയ്ക്ക് പുറത്ത് നിർമ്മിക്കുന്ന സിനിമകൾക്ക് 100% ചുങ്കം ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനം പുതിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. കനത്ത ചുങ്കം ഈടാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന അദ്ദേഹത്തിന്റെ നിലപാട് ആഗോള സമ്പദ്വ്യവസ്ഥയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നു.

കൂടാതെ, യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കുള്ള ചുങ്കവും വൈകാതെ പ്രഖ്യാപിക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. ട്രംപിന്റെ ഈ കടുംപിടുത്തം ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും ഭീഷണിയാകുന്നത് സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിലുള്ള ഡിമാൻഡ് വർദ്ധിപ്പിക്കുകയും ഇത് വില വർദ്ധനവിന് കാരണമാകുകയും ചെയ്യുന്നു.

മെയ് മാസത്തിലെ സ്വർണവില ഒറ്റനോട്ടത്തിൽ:

മെയ് 1 – ഒരു പവൻ സ്വർണത്തിന് 1640 രൂപ കുറഞ്ഞു; വിപണി വില 70,200 രൂപ
മെയ് 2 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു; വിപണി വില 70,040 രൂപ
മെയ് 3 – സ്വർണവിലയിൽ മാറ്റമില്ല; വിപണി വില 70,040 രൂപ
മെയ് 4 – സ്വർണവിലയിൽ മാറ്റമില്ല; വിപണി വില 70,040 രൂപ
മെയ് 5 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു; വിപണി വില 70,200 രൂപ
മെയ് 6 – ഒരു പവൻ സ്വർണത്തിന് 2000 രൂപ ഉയർന്നു; വിപണി വില 72,200 രൂപ