
വ്യാജ നീറ്റ് ഹാൾടിക്കറ്റ്: അക്ഷയ ജീവനക്കാരി കുറ്റം സമ്മതിച്ചു
പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾടിക്കറ്റ് നൽകിയ സംഭവത്തിൽ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയായ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. അക്ഷയ സെന്റർ ജീവനക്കാരിയാണ് കൃത്രിമം കാണിച്ചതെന്ന് വിദ്യാർഥി പോലീസിന് മൊഴി നൽകിയിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ കുറ്റം ഏറ്റുപറഞ്ഞത്.
തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒരു അക്ഷയ കേന്ദ്രത്തിലാണ് വ്യാജ ഹാൾടിക്കറ്റ് നിർമ്മിച്ചത്. പരീക്ഷയ്ക്ക് അപേക്ഷിക്കാൻ വിദ്യാർത്ഥിയുടെ അമ്മയാണ് എത്തിയത്. എന്നാൽ താൻ അപേക്ഷ നൽകാൻ വിട്ടുപോയെന്നും പിന്നീട് ഹാൾ ടിക്കറ്റ് എടുക്കാൻ കുട്ടിയുടെ അമ്മ എത്തിയപ്പോൾ വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കി നൽകുകയായിരുന്നുവെന്നും ഗ്രീഷ്മ പോലീസിനോട് വെളിപ്പെടുത്തി.
സംഭവത്തിൽ തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ 20 വയസ്സുകാരനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്യുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പരീക്ഷാ കേന്ദ്രത്തിലെ ഒബ്‌സർവർ നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹാൾടിക്കറ്റ് പരിശോധനയ്ക്കിടെ സംശയം തോന്നിയ എക്‌സാം ഇൻവിജിലേറ്ററാണ് പോലീസിനെ വിവരം അറിയിച്ചത്. ഹാൾടിക്കറ്റിൽ രേഖപ്പെടുത്തിയിരുന്ന പേരിലെ വ്യത്യാസമാണ് സംശയത്തിന് ഇടയാക്കിയത്.
വിദ്യാർത്ഥി ഏകദേശം ഒരു മണിക്കൂറോളം പരീക്ഷ എഴുതിയതിന് ശേഷമാണ് അതേ ഹാൾടിക്കറ്റ് നമ്പറിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയുടെ പേരിലാണ് വ്യാജ ഹാൾ ടിക്കറ്റ് നിർമ്മിച്ചതെന്നാണ് പ്രാഥമിക നിഗമനം. തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ സെന്ററിലാണ് വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർത്ഥി പരീക്ഷ എഴുതിയത്.