
Crime
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ
മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്‌നേഹം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ച 26-കാരൻ അറസ്റ്റിൽ. മാന്നാർ കുരട്ടിക്കാട് മൂന്നുപുരക്കൽ താഴ്ചയിൽ ഇ.എം. വിജീഷിനെയാണ് മാന്നാർ പൊലീസ് പിടികൂടിയത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ മാന്നാർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡനത്തിനിരയായ വിവരം രക്ഷിതാക്കൾ അറിയുന്നത്.
ഇതേത്തുടർന്ന് മാന്നാർ പൊലീസ് സംഘം കാലടിയിൽ വെച്ച് വിജീഷിനെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത വിജീഷിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.