
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താൻ തങ്ങളുടെ വ്യോമപാത അടച്ചതിനാൽ എയർ ഇന്ത്യക്ക് ഏകദേശം 600 മില്യൺ ഡോളറിന്റെ (ഏകദേശം 5039 കോടി രൂപ) അധിക ചെലവ് ഉണ്ടാകുമെന്നും കേന്ദ്ര സർക്കാരിനോട് നഷ്ടപരിഹാരം തേടിയെന്നും റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താൻ തങ്ങളുടെ വ്യോമാതിർത്തി ഇന്ത്യൻ വിമാനങ്ങൾക്ക് അടച്ചത്. ഇതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾ ഇന്ധനച്ചെലവ് വർധിക്കുന്നതും, യാത്ര സമയം കൂടുന്നതും കണക്കിലെടുത്ത് മാറ്റങ്ങൾ വരുത്തുകയാണ്.
ഈ വ്യോമയാന വിലക്ക് ഒരു വർഷം കൂടി തുടരുകയാണെങ്കിൽ 50 ബില്യൺ ഇന്ത്യൻ രൂപയുടെ (591 മില്യൺ ഡോളർ) നഷ്ടമുണ്ടാകുമെന്നും, ഇത് പരിഗണിച്ച് ഒരു ‘സബ്‌സിഡി മാതൃക’ നടപ്പാക്കണമെന്നും എയർ ഇന്ത്യ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
‘ബാധിക്കപ്പെട്ട അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള സബ്‌സിഡി പരിശോധിക്കാവുന്നതും, ന്യായമായതുമായ ഒരു ഓപ്ഷനാണ്… സാഹചര്യം മെച്ചപ്പെടുമ്പോൾ സബ്‌സിഡി എടുത്തുമാറ്റാവുന്നതാണ്,’ വിമാനക്കമ്പനി സർക്കാരിന് അയച്ച കത്തിൽ പറയുന്നു. ‘വ്യോമാതിർത്തി അടച്ചതിനാൽ എയർ ഇന്ത്യക്കാണ് ഏറ്റവും കൂടുതൽ നഷ്ടം. അധിക ഇന്ധനവും ജീവനക്കാരും ആവശ്യമായി വരും.’
വ്യോമാതിർത്തി അടച്ചതിന്റെ അനന്തരഫലങ്ങൾ വിലയിരുത്താൻ സർക്കാർ ഉദ്യോഗസ്ഥർ എയർ ഇന്ത്യ എക്‌സിക്യൂട്ടീവുകളോട് ആവശ്യപ്പെട്ടതിന് ശേഷമാണ് ഈ കത്ത് നൽകിയതെന്ന് റോയിട്ടേഴ്‌സ് വൃത്തങ്ങൾ പറയുന്നു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, നിലവിൽ ബോയിംഗിൽ നിന്നും എയർബസ്സിൽ നിന്നുമുള്ള വിമാനങ്ങളുടെ ഡെലിവറി വൈകുന്നതിനാൽ വികസന പരിമിതികൾ നേരിടുന്നുണ്ട്. എയർലൈൻ 2023-2024 സാമ്പത്തിക വർഷത്തിൽ 4.6 ബില്യൺ ഡോളർ വരുമാനത്തിൽ 520 മില്യൺ ഡോളർ നഷ്ടം രേഖപ്പെടുത്തി.
ഇന്ത്യയിൽ 26.5% വിപണി വിഹിതമുള്ള എയർ ഇന്ത്യ, യൂറോപ്പ്, അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളിൽ സർവീസ് നടത്തുന്നു. ഈ റൂട്ടുകളിൽ എയർ ഇന്ത്യ പാകിസ്ഥാന്റെ വ്യോമാതിർത്തിയാണ് പതിവായി ഉപയോഗിച്ചിരുന്നത്.
ആഭ്യന്തര വിമാന സർവീസുകളിൽ മുൻപന്തിയിലുള്ള ഇൻഡിഗോയെ അപേക്ഷിച്ച് എയർ ഇന്ത്യക്ക് കൂടുതൽ ദീർഘദൂര റൂട്ടുകളുണ്ട്. ഏപ്രിൽ മാസത്തിൽ ഡൽഹിയിൽ നിന്ന് യൂറോപ്പ്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവ സംയുക്തമായി ഏകദേശം 1,200 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തതായി സിരിയം അസെൻഡ് ഡാറ്റ പറയുന്നു.
പാകിസ്ഥാന്റെ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് വ്യോമയാന മേഖലയിലുണ്ടായ ആഘാതം കുറയ്ക്കാൻ ഇന്ത്യ മറ്റ് വഴികൾ തേടുകയാണ്. ചൈനയുടെ അടുത്തുള്ള ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയുള്ള റൂട്ടുകൾ, നികുതി ഇളവുകൾ എന്നിവയുൾപ്പെടെയുള്ള ബദലുകൾ കണ്ടെത്താൻ ഇന്ത്യൻ വിമാനക്കമ്പനികൾ വ്യോമയാന മന്ത്രാലയവുമായി ചർച്ച നടത്തിയതായി റോയിട്ടേഴ്‌സ് വൃത്തം സൂചിപ്പിച്ചു.
വിശദാംശങ്ങൾ നൽകാതെ തന്നെ, അധിക ഓവർഫ്‌ലൈറ്റ് അനുമതികൾക്കായി ചൈനീസ് അധികൃതരുമായി ഇടപെടണമെന്ന് എയർ ഇന്ത്യ തങ്ങളുടെ കത്തിൽ ആവശ്യപ്പെട്ടു. അതുപോലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ റൂട്ടുകളിൽ കൂടുതൽ ജീവനക്കാരെ വിന്യസിക്കാനും അനുമതി തേടിയിട്ടുണ്ട്.