
ദുബായ്: യുഎഇയുടെ ഗോൾഡൻ വീസ ഇനി ഇന്ത്യക്കാർക്ക് എളുപ്പത്തിൽ സ്വന്തമാക്കാം. കോടികളുടെ നിക്ഷേപം നടത്തണമെന്ന നിബന്ധന ഒഴിവാക്കി, നോമിനേഷൻ അടിസ്ഥാനത്തിലുള്ള പുതിയ തരം ഗോൾഡൻ വീസ അവതരിപ്പിച്ച് യുഎഇ സർക്കാർ. ഏകദേശം 23.30 ലക്ഷം രൂപ (1,00,000 ദിർഹം) ഫീസ് അടച്ച് ഇന്ത്യക്കാർക്ക് ഇനി ആജീവനാന്ത ഗോൾഡൻ വീസ നേടാമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയും ബംഗ്ലാദേശുമാണ് ഈ പൈലറ്റ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ വാണിജ്യ, സാംസ്കാരിക, ഭൗമരാഷ്ട്രീയ ബന്ധങ്ങളാണ് ഇന്ത്യക്ക് ഈ അവസരം ലഭിക്കാൻ പ്രധാന കാരണം.
നിക്ഷേപം ആവശ്യമില്ല, പക്ഷെ…
മുൻപ്, കുറഞ്ഞത് 2 ദശലക്ഷം ദിർഹം (ഏകദേശം 4.66 കോടി രൂപ) വിലമതിക്കുന്ന വസ്തുവിൽ നിക്ഷേപിക്കുകയോ, അല്ലെങ്കിൽ വലിയൊരു തുക ബിസിനസ്സിൽ നിക്ഷേപിക്കുകയോ ചെയ്താൽ മാത്രമായിരുന്നു ഇന്ത്യക്കാർക്ക് ഗോൾഡൻ വീസ ലഭിച്ചിരുന്നത്. എന്നാൽ, പുതിയ ‘നോമിനേഷൻ അധിഷ്ഠിത വീസ’ പ്രകാരം ഈ നിബന്ധനകൾ ഒഴിവാക്കി.
അതേസമയം, അപേക്ഷകർക്ക് കർശനമായ പശ്ചാത്തല പരിശോധനയുണ്ടാകും. കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ റെക്കോർഡുകൾ എന്നിവയ്ക്ക് പുറമെ, അപേക്ഷകന്റെ സോഷ്യൽ മീഡിയയും പരിശോധിക്കും. അപേക്ഷകൻ എങ്ങനെ യുഎഇയുടെ വിപണിക്കും വ്യാപാരത്തിനും സാംസ്കാരിക രംഗത്തിനും പ്രയോജനകരമാകുമെന്നും വിലയിരുത്തും. ഇതിന് ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനം എടുക്കുക.
അപേക്ഷിക്കേണ്ട വിധവും നേട്ടങ്ങളും
ഇന്ത്യയിലെയും ബംഗ്ലാദേശിലെയും വൺ വാസ്കോ (One VASCO) കേന്ദ്രങ്ങൾ വഴിയോ, രജിസ്റ്റർ ചെയ്ത ഓഫീസുകൾ വഴിയോ, ഓൺലൈൻ പോർട്ടൽ വഴിയോ അപേക്ഷിക്കാം. ഗോൾഡൻ വീസ ലഭിക്കുന്നവർക്ക് അവരുടെ കുടുംബാംഗങ്ങളെയും ദുബായിലേക്ക് കൊണ്ടുവരാൻ സാധിക്കും. കൂടാതെ, വീട്ടുജോലിക്കാരെയും ഡ്രൈവർമാരെയും ഈ വീസയുടെ അടിസ്ഥാനത്തിൽ സ്പോൺസർ ചെയ്യാനും, യുഎഇയിൽ ഏത് ബിസിനസ്സോ ജോലിയോ ചെയ്യാനും സ്വാതന്ത്ര്യമുണ്ടാകും. വസ്തു ഇടപാടുകൾക്ക് വിധേയമല്ലാത്തതിനാൽ, ഈ നോമിനേഷൻ വീസ ആജീവനാന്തം നിലനിൽക്കുമെന്നതും ഇതിന്റെ പ്രധാന ആകർഷണമാണ്.
അടുത്ത മൂന്ന് മാസത്തിനുള്ളിൽ 5000-ത്തിലധികം ഇന്ത്യക്കാർ ഈ പുതിയ വീസയ്ക്കായി അപേക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.