News

സ്വപ്നക്ക് കൈക്കൂലിയോട് ആക്രാന്തം; കാറില്‍നിന്ന് 45,000 രൂപ കണ്ടെത്തി

കൊച്ചി കോർപ്പറേഷനിലെ കെട്ടിട പെർമിറ്റ് കൈക്കൂലി കേസിൽ കൂടുതൽ പണം കണ്ടെത്തി. വിജിലൻസ് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥയായ സ്വപ്നയുടെ കാറിൽ നിന്ന് 45,000 രൂപ കൂടി കണ്ടെടുത്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന സംശയത്തെ തുടർന്ന് ഇവരുടെ സ്വത്ത് വിവരങ്ങൾ വിജിലൻസ് ശേഖരിച്ചു വരികയാണ്. നിലവിൽ സ്വപ്നയുടെ ഓഫീസിലും വിജിലൻസ് സംഘം പരിശോധന നടത്തുകയാണ്.

ജോലി കഴിഞ്ഞ് തൃശ്ശൂർ കാളത്തോട്ടുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സ്വപ്ന കൈക്കൂലി വാങ്ങാൻ എത്തിയത്. ഇവരുടെ കാറിൽ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. മൂന്നുനില കെട്ടിടത്തിന് പെർമിറ്റ് നൽകുന്നതിന് 15,000 രൂപയായിരുന്നു കൈക്കൂലിയായി സ്വപ്ന ആവശ്യപ്പെട്ടത്. ഓരോ നിലയ്ക്കും 5,000 രൂപ എന്ന നിരക്കിലാണ് ഇവർ പണം ആവശ്യപ്പെട്ടത്.

പെർമിറ്റിനായി പരാതിക്കാരൻ ജനുവരി മുതൽ സ്വപ്നയുടെ ഓഫീസിൽ പലതവണ കയറിയിറങ്ങിയിരുന്നു. ഒടുവിൽ നിവൃത്തിയില്ലാതെയാണ് ഇയാൾ വിജിലൻസിനെ സമീപിച്ചത്. എസ്പി എസ്. ശശിധരന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പിമാരായ സുനിൽ, തോമസ് എന്നിവർ ഒരുക്കിയ കെണിയിൽ സ്വപ്ന പിടിയിലാവുകയായിരുന്നു.

കൊച്ചി കോർപ്പറേഷനിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയിലെ പ്രധാനിയാണ് ഇപ്പോൾ പിടിയിലായിരിക്കുന്ന സ്വപ്ന. വിജിലൻസിന്റെ മുന്നിൽ പോലും സ്വപ്നക്കെതിരെ നിരവധി ആളുകൾ പരാതികളുമായി എത്തിയിട്ടുണ്ട്.

ഒന്നോ രണ്ടോ തവണ വിജിലൻസ് ഒരുക്കിയ കെണിയിൽ നിന്ന് സ്വപ്ന തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ ഇവരെ ഭാഗ്യം തുണച്ചില്ല. അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കാനാണ് വിജിലൻസിന്റെ തീരുമാനം.