CrimeNews

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; പെൻഷൻ തുക മറ്റൊരാള്‍ക്ക് കൊടുത്തത് പ്രകോപനം

കൊട്ടാരക്കര: പെൻഷൻ പണം ചിലവാക്കിയതിന്റെ വിരോധത്തിൽ വയോധികയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി. വെട്ടിക്കവല ചിരട്ടക്കോണം സ്വദേശിനി ഓമന (76) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കുട്ടപ്പനെ (78) പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക വിവരം കുട്ടപ്പൻ തന്നെയാണ് മൂത്ത മകളെ ഫോണിൽ വിളിച്ചറിയിച്ചത്. കശുവണ്ടി ഫാക്ടറിയിലെ മുൻ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട ഓമന.

ഓമനയും കുട്ടപ്പനും ഇളയ മകളോടൊപ്പമാണ് താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെ 5 മണിയോടെ മണ്ണടിയിൽ താമസിക്കുന്ന മൂത്ത മകളെ വിളിച്ച് ഓമനയ്ക്ക് സുഖമില്ലെന്ന് കുട്ടപ്പൻ അറിയിച്ചു. തുടർന്ന് ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഇളയമകൾ ഓമനയെ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മുറിക്കുള്ളിൽ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

സ്ഥലത്തെത്തിയ പോലീസ് കുട്ടപ്പനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ കാരണം വ്യക്തമായത്. കശുവണ്ടി തൊഴിലാളിയായിരുന്ന ഓമനയ്ക്ക് പെൻഷൻ ലഭിച്ച തുക കുട്ടപ്പനറിയാതെ മറ്റൊരാൾക്ക് നൽകിയതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഇതിനെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കത്തിനിടെ കയ്യിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കുട്ടപ്പൻ ഓമനയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ഓമനയുടെ കഴുത്തിന്റെ പിൻഭാഗത്തും തലയിലും ആഴത്തിലുള്ള വെട്ടേറ്റ മുറിവുകളുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വെട്ടുകത്തി മുറിക്കുള്ളിൽ നിന്ന് പോലീസ് കണ്ടെടുത്തു. പോലീസ് ചോദ്യം ചെയ്യലിൽ കുട്ടപ്പൻ കുറ്റം സമ്മതിച്ചു.

കശുവണ്ടി തൊഴിലാളിയായിരുന്ന ഓമനയമ്മ അടുത്തിടെയാണ് വിരമിച്ചത്. പെൻഷൻ തുക പലിശയ്ക്ക് കൊടുത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുട്ടപ്പൻ പോലീസിന് നൽകിയ മൊഴി. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.