CrimeNews

കൊല്ലാൻ ഒത്താശ ചെയ്തത് ഭാര്യ; രാധാകൃഷ്ണൻ വധക്കേസില്‍ മിനി നമ്പ്യാർ അറസ്റ്റില്‍

കണ്ണൂർ: പരിയാരം കൈതപ്രത്ത് ഓട്ടോറിക്ഷാ ഡ്രൈവർ കെ.കെ. രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. രാധാകൃഷ്ണന്റെ ഭാര്യ മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരെയാണ് (42) പോലീസ് അറസ്റ്റ് ചെയ്തത്.

ഈ കേസിൽ രാധാകൃഷ്ണനെ വെടിവെച്ച ഒന്നാം പ്രതി സന്തോഷുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്താൻ മിനി ഗൂഢാലോചന നടത്തിയെന്ന് പോലീസ് കണ്ടെത്തി. മിനിയാണ് കേസിലെ മൂന്നാം പ്രതി. കേസിൽ തോക്ക് നൽകിയ സിജോ ജോസഫിനെ രണ്ടാം പ്രതിയായി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

കൈതപ്രത്ത് പണിനടക്കുന്ന വീട്ടിൽ വെച്ച് മാർച്ച് 20-ന് രാത്രി ഏഴോടെയാണ് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്. പരിയാരം എസ്.എച്ച്.ഒ എം.പി. വിനീഷ് കുമാറാണ് മിനിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

ഒന്നാം പ്രതി സന്തോഷ്

മിനിയുമായുള്ള സൗഹൃദം എതിർത്തതിലുള്ള പക കാരണമാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സഹപാഠികളായിരുന്ന സന്തോഷും മിനിയും പൂർവവിദ്യാർത്ഥി സംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്ന് സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമ്മാണത്തിന് സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തു.

Kannur Radhakrishnan Murder
കൊല്ലപ്പെട്ട രാധാകൃഷ്ണൻ

ഇതോടെ രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്താൻ തുടങ്ങി. രാധാകൃഷ്ണൻ നൽകിയ പരാതിയെത്തുടർന്ന് ഇവരെ പരിയാരം പോലീസ് സ്റ്റേഷനിൽ വിളിച്ചു സംസാരിച്ചിരുന്നു. ഇതിനുശേഷവും സന്തോഷിന്റെ ഭീഷണി കൂടിയെന്ന് രാധാകൃഷ്ണൻ പറഞ്ഞതായി നാട്ടുകാർ മൊഴി നൽകി. കൊലപാതകം നടന്ന ദിവസം വൈകിട്ട് ‘നിനക്ക് മാപ്പില്ല’ എന്ന് സന്തോഷ് സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. സന്തോഷ് വീട്ടിൽ ഒളിച്ചിരുന്ന് വെടിവെച്ചുവെന്നാണ് പോലീസ് പറയുന്നത്.