
ഇന്ത്യയാണ് ഹ്യൂണ്ടായി ഐ10 ന്റെ ഐശ്വര്യം! മൂന്നില്‍ രണ്ടും വിറ്റത് ഇവിടെ
ഹാച്ച്ബാക്ക് ആഗോളതലത്തിൽ 3.3 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ഒരു പുതിയ നാഴികക്കല്ല് പിന്നിട്ടു. ഈ നേട്ടത്തിൽ ഇന്ത്യക്ക് വലിയ പങ്കുണ്ട്. ആഗോളതലത്തിൽ വിറ്റഴിഞ്ഞ 3.3 ദശലക്ഷം ഐ10 ഹാച്ച് ബാക്കുകളിൽ 2 ദശലക്ഷം യൂണിറ്റുകളും ഇന്ത്യയിൽ നിന്നാണ് വിറ്റഴിഞ്ഞത്. ബാക്കിയുള്ള 1.3 ദശലക്ഷം യൂണിറ്റുകൾ ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ചിലി, പെറു ഉൾപ്പെടെ 140-ൽ അധികം രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു.
ഹ്യുണ്ടായ് 2007-ൽ ഐ10 അവതരിപ്പിച്ചു. അതിനു ശേഷം ഗ്രാൻഡ് ഐ10, ഗ്രാൻഡ് ഐ10 നിയോസ് എന്നീ മോഡലുകളും പുറത്തിറക്കി. നിലവിൽ മൂന്നാം തലമുറയിലുള്ള ഈ ജനപ്രിയ ഹാച്ച്ബാക്ക്, 1.2 ലിറ്റർ കാപ്പ പെട്രോൾ MT, 1.2 ലിറ്റർ കാപ്പ പെട്രോൾ AMT, 1.2 ലിറ്റർ ബൈ-ഫ്യുവൽ കാപ്പ പെട്രോൾ CNG എന്നീ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.
ഹ്യുണ്ടായ് ഇന്ത്യയിൽ പ്രതിവർഷം ശരാശരി 1 ലക്ഷത്തിലധികം ഐ10 യൂണിറ്റുകൾ വിൽക്കുന്നുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ, ഗ്രാൻഡ് ഐ10 നിയോസ് വാങ്ങിയവരിൽ 45%-ൽ അധികം ആളുകളും ആദ്യമായി കാർ വാങ്ങുന്നവരായിരുന്നു. കൂടാതെ, കാർ വാങ്ങിയവരിൽ 83% പേർ വിവാഹിതരുമാണ്. ഗ്രാൻഡ് ഐ10 നിയോസിൻ്റെ പ്രധാന വിപണികൾ ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ്.
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ഉൺസൂ കിം ഈ നേട്ടത്തെക്കുറിച്ച് സംസാരിച്ചു. “ഈ നേട്ടത്തെ കൂടുതൽ സവിശേഷമാക്കുന്നത്, നിലവിലെ ഐ10 മോഡൽ ആഭ്യന്തര വിപണിക്ക് വേണ്ടി 91.3% വരെ പ്രാദേശികമായി നിർമ്മിച്ചതാണ്. കയറ്റുമതി ചെയ്യുന്ന മോഡലുകളുടെ കാര്യത്തിൽ ഇത് 91.4% ആണ്,” അദ്ദേഹം പറഞ്ഞു.