CrimeNews

കഞ്ചാവ് കേസിൽ ജാമ്യം കിട്ടിയ വേടൻ പുലിപ്പല്ല് കേസിൽ കുടുങ്ങി; മൃഗവേട്ടയ്ക്കും ആയുധ നിരോധന നിയമപ്രകാരവും കേസ്

കൊച്ചി: കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ച പിന്നാലെ റാപ്പർ വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. നേരത്തെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് 5 ഗ്രാം കഞ്ചാവ് പിടിച്ച കേസിൽ വേടനെയും അദ്ദേഹത്തിൻ്റെ മ്യൂസിക് ബാൻഡിലെ എട്ട് അംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാൽ ഇവർക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചു. സ്റ്റേഷനിൽ നിന്ന് ജാമ്യം ലഭിച്ച ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ വേടനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതോടെ ഹിരൺ ദാസ് മുരളിയെന്ന വേടനെതിരെ മൃഗവേട്ട ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താൻ വനംവകുപ്പ് നീക്കം തുടങ്ങി.

വേടൻ ധരിച്ചിരുന്ന മാലയിൽ നിന്ന് കണ്ടെത്തിയ പുലിയുടെ പല്ലാണ് നാടകീയ സംഭവങ്ങൾക്ക് വഴി തെളിയിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള ഒരു ആരാധകൻ സമ്മാനിച്ചതാണ് ഈ പുലിപ്പല്ലെന്നാണ് വേടൻ നൽകിയ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവെടുപ്പിനായി വേടനെ കോടനാട് റേഞ്ച് ഓഫീസ് പരിധിയിലെ മേയ്ക്കപ്പാല സ്റ്റേഷനിലേക്ക് കൊണ്ടുപോകും. ഇന്ന് പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കുകയും ചെയ്യും.

കൊച്ചി കണിയാമ്പുഴയിലെ ഫ്ലാറ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് മാലയിലുണ്ടായിരുന്നത് പുലിയുടെ പല്ല് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഈ സംഭവത്തിൽ വേടനെതിരെ വനംവകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പൊലീസിന്റെ ലഹരി പരിശോധനയ്ക്ക് പിന്നാലെയാണ് വനംവകുപ്പ് വേടന്റെ ഫ്ലാറ്റിലെത്തി പരിശോധന നടത്തിയത്. തുടർന്ന് പുലിപ്പല്ല് സ്ഥിരീകരിക്കുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. വേടനെ കോടനാട് ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അതേസമയം, വേടനെതിരെ ആയുധ നിരോധന നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്. ഫ്ലാറ്റിൽ നിന്ന് വാളും കത്തിയും കണ്ടെത്തിയതിനെ തുടർന്നാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വേടന്റെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത് ഗാർഹിക ആവശ്യങ്ങൾക്കുള്ള ആയുധങ്ങളല്ലെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ നേരത്തെ അറിയിച്ചിരുന്നു. ഇതോടെ യുവതലമുറയുടെ പ്രിയ താരമായ വേടൻ കൂടുതൽ നിയമക്കുരുക്കുകളിലേക്ക് വീണിരിക്കുകയാണ്.