
കൊച്ചി/ആലപ്പുഴ: സംസ്ഥാനത്ത് ലഹരിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ സജീവമായിരിക്കെ, കൊച്ചിയിലും ആലപ്പുഴയിലും പ്രധാനപ്പെട്ട സംഭവ വികാസങ്ങൾ. ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് റാപ്പറും ഗായകനുമായ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിയുടെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ പോലീസ് മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ ഫ്ലാറ്റിൽ നിന്ന് ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി.
ഇന്ന് രാവിലെ 10 മണിയോടെയാണ് ഡാൻസഫ് സംഘം ഫ്ലാറ്റിൽ പരിശോധന നടത്തിയത്. പരിശോധനാ സമയത്ത് ഒൻപത് പേരടങ്ങിയ സംഘം ഫ്ലാറ്റിൽ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. മഞ്ഞുമ്മൽ ബോയ്സിനുവേണ്ടി പാടിയ ഗാനത്തിലൂടെ ശ്രദ്ധേയനാണ് വേടൻ.
യുവതലമുറയിലെ സ്വതന്ത്ര സംഗീത രംഗത്ത് ശ്രദ്ധേയനായ ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. തൃപ്പൂണിത്തുറ പൊലീസാണ് കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നത്. ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത് ജാമ്യത്തിൽ വിടാൻ സാധ്യതയുള്ള അളവിലുള്ള കഞ്ചാവാണ്.
ആലപ്പുഴ കേസിൽ നടൻമാരുടെ ചോദ്യം ചെയ്യൽ
അതേസമയം, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ശ്രീനാഥ് ഭാസിയും, ഷൈൻ ടോം ചാക്കോയും മോഡലായ സൗമ്യയും ചോദ്യം ചെയ്യലിന് ഹാജരായി. ആലപ്പുഴയിലെ എക്സൈസ് ഓഫീസിലാണ് ചോദ്യം ചെയ്യലിന് മൂവരും എത്തിയത്. പത്തുമണിയോടെ ഹാജരാകണമെന്നാണ് എക്സൈസ് അറിയിച്ചിരുന്നതെങ്കിലും മൂവരും എട്ടരയോടെ ചോദ്യം ചെയ്യലിനായി എക്സൈസ് ഓഫീസിൽ എത്തിയിരുന്നു.
തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനു ശേഷമാകും നടൻമാർ ഉൾപ്പടെ ഉള്ളവരെ കേസിൽ പ്രതി ചേർക്കണോ എന്നകാര്യത്തിൽ അന്വേഷണസംഘം തീരുമാനമെടുക്കുക. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് ഈ കേസിൽ അറസ്റ്റിലായ തസ്ലിമ എക്സൈസിന് നൽകിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.