CrimeNews

കഞ്ചാവ് ഉപയോഗിച്ചെന്ന് റാപ്പർ വേടൻ സമ്മതിച്ചു, സർക്കാർ പരിപാടിയിൽ നിന്ന് ഒഴിവാക്കി

കൊച്ചി: വൈറ്റില കണിയാമ്പുഴയിലെ ഫ്ലാറ്റിൽ മറ്റു ട്രൂപ്പ് അംഗങ്ങൾക്കൊപ്പം കഞ്ചാവ് ഉപയോഗിച്ചതായി റാപ്പറും ഗായകനുമായ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളി പോലീസിന് മൊഴി നൽകി. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ വേടൻ ഉൾപ്പെടെ സംഗീത ട്രൂപ്പിലെ ഒമ്പത് അംഗങ്ങളാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് ആറു ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി ഹിൽപാലസ് സിഐ മാധ്യമങ്ങളോട് പറഞ്ഞു.

രഹസ്യവിവരത്തെ തുടർന്നാണ് ഇന്ന് പുലർച്ചെ 1.20 ഓടെ പരിശോധനയ്ക്കായി ഫ്ലാറ്റിൽ പോലീസ് സംഘം എത്തിയത്. ഷോയ്ക്ക് വേണ്ടി പ്രാക്ടീസ് ചെയ്യാനാണ് വേടനും സഹപ്രവർത്തകരും ഒത്തുകൂടിയതെന്ന് സിഐ പറഞ്ഞു. കഞ്ചാവ് ഉപയോഗിച്ചതായി വേടൻ സമ്മതിച്ചിട്ടുണ്ട്. കഞ്ചാവ് എവിടെനിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചും വേടൻ മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ അന്വേഷണം തുടരുന്നതിനാൽ ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് സിഐ വ്യക്തമാക്കി. ഫ്ലാറ്റിൽ നിന്ന് മൊബൈൽ ഫോണുകളും ഒമ്പതര ലക്ഷം രൂപയും കഞ്ചാവ് തെറുത്ത് വലിക്കാനുള്ള പേപ്പറും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത പണം പ്രോഗ്രാമിൽ നിന്ന് കിട്ടിയ വരുമാനമാണെന്നാണ് വേടനും സംഘവും പോലീസിനോട് പറഞ്ഞത്.

എന്നാൽ ഇക്കാര്യം പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതുണ്ടെന്നും സിഐ അറിയിച്ചു. മെഡിക്കൽ പരിശോധന നടത്തിയ ശേഷം കേസിൽ തുടർന്നടപടികൾ സ്വീകരിക്കുമെന്നും സിഐ പറഞ്ഞു. വേടന്റെ ഉൾപ്പെടെ ഒമ്പത് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പരിശോധനയ്ക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയത് സംശയങ്ങൾക്കിടയാക്കിയിട്ടുണ്ട്.

ലഹരിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയ വ്യക്തിയാണ് വേടൻ. വിവിധ പരിപാടികൾക്കിടെ ലഹരിക്കെതിരെ വേടൻ നൽകിയ ഉപദേശങ്ങൾ സോഷ്യൽ മീഡിയയിൽ യുവതലമുറ ഏറ്റെടുത്തിരുന്നു. യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തിൽ ശ്രദ്ധേയനായ റാപ്പർ കൂടിയാണ് ഇദ്ദേഹം. സമൂഹ വിപത്തായ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ നിരന്തരം കാംപെയ്ൻ നടത്തിയ ആൾ തന്നെ ലഹരി ഉപയോഗക്കേസിൽ അറസ്റ്റിലായത് ഞെട്ടലോടെയാണ് പലരും കാണുന്നത്.

സർക്കാർ പരിപാടിയിൽ നിന്ന് ഒഴിവാക്കി

അതിനിടെ, ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേടനെ ഒഴിവാക്കി. ബുധനാഴ്ച ഇടുക്കിയിൽ വാർഷിക ആഘോഷ പരിപാടിയുടെ ഭാഗമായി നടക്കേണ്ടിയിരുന്ന വേടന്റെ റാപ്പ് ഷോയാണ് സർക്കാർ വേണ്ടെന്ന് വെച്ചത്. ഹിരണ്‍ ദാസ് മുരളി എന്നാണ് വേടന്റെ യഥാർഥ പേര്.

സിനിമാ മേഖലയിലുള്ളവരടക്കം നിരവധി പേർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ അടക്കം പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വേടൻ താമസിച്ച ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. ലഹരിമരുന്ന് ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന കഴിഞ്ഞ കുറെനാളുകളായി വേടനെ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.