
കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാൽ (62) എന്നിവരെയാണ് കൊല്ലം അഡിഷനൽ സെഷൻസ് ജഡ്ജി എസ്. സുഭാഷ് ശിക്ഷിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കേസിലെ മൂന്നാം പ്രതിയായിരുന്ന ചന്തുലാലിന്റെ പിതാവ് ലാലിയെ (66) ഒന്നര വർഷം മുൻപ് ഇത്തിക്കര ആറിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയതോടെ കേസിൽ നിന്നൊഴിവാക്കിയിരുന്നു.
പട്ടിണി കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആദ്യ കേസാണിത് ഇത്. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയ കൊലപാതകമായിരുന്നു ഇതെന്നും വിധി സമൂഹത്തിനുള്ള ശക്തമായ സന്ദേശം ആയിരിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

വിവാഹം കഴിഞ്ഞ് അഞ്ചര വർഷം പിന്നിട്ടപ്പോഴാണ് തുഷാര (28) ക്രൂരമായ കൊലപാതകത്തിന് ഇരയായത്. 2019 മാർച്ച് 21ന് രാത്രി മകൾ മരിച്ചെന്ന വിവരം തുഷാരയുടെ കരുനാഗപ്പള്ളിയിലെ വീട്ടിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് അറിയിച്ചത്. ഇതറിഞ്ഞ് രാത്രി തന്നെ തുഷാരയുടെ പിതാവും മാതാവും സഹോദരനും ബന്ധുക്കളും കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തി മൃതദേഹം കണ്ടപ്പോൾ ദയനീയമായി ശോഷിച്ച രൂപമായിരുന്നു. അവർ പൂയപ്പള്ളി പൊലീസിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് അപൂർവവും ക്രൂരവുമായ ഈ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മൃതദേഹത്തിന്റെ ഭാരം 21 കിലോഗ്രാം മാത്രമായിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നുവെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചർമം എല്ലിനോടു ചേർന്നു മാംസം ഇല്ലാത്ത നിലയിലായിരുന്നു. വയർ ഒട്ടി വാരിയെല്ലു തെളിഞ്ഞ് നട്ടെല്ലിനോടു ചേർന്ന അവസ്ഥയിലായിരുന്നു. മസ്തിഷ്കത്തിൽ ഉൾപ്പെടെ ആന്തരികാവയവങ്ങളിൽ നീർക്കെട്ടു ബാധിച്ചിരുന്നു. 2013 ൽ ആയിരുന്നു ചന്തുലാലിന്റെയും കരുനാഗപ്പള്ളി അയണിവേലിൽ സൗത്ത് തുഷാര ഭവനിലെ തുഷാരയുടെയും വിവാഹം. നിർധന കുടുംബമായിരുന്നു തുഷാരയുടേത്. എങ്കിലും 20 പവൻ സ്വര്‍ണവും 2 ലക്ഷം രൂപയും സ്ത്രീധനമായി നൽകാമെന്ന് ഉറപ്പു നൽകിയിരുന്നു.