
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അനന്ത് അംബാനിയെ നിയമിച്ചു. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയതും ലാഭകരവുമായ കമ്പനിയായി കണക്കാക്കപ്പെടുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ ബോർഡിലേക്കാണ് ഈ നിയമനം.
ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ മക്കളിൽ പ്രധാന പദവികൾ ഏറ്റെടുക്കുന്ന ഏറ്റവും പുതിയയാളാണ് അനന്ത്. റിലയൻസ് ഗ്രൂപ്പിനുള്ളിൽ അടുത്ത തലമുറ നേതൃനിരയിലേക്ക് വരുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ നിയമനങ്ങൾ നൽകുന്നത്.
അനന്തിന്റെ നിയമനം, റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രധാന ബോർഡിൽ തന്നെ സ്ഥാനം നൽകുന്നത്, കമ്പനിയുടെ ഭാവി പ്രവർത്തനങ്ങളിലും തന്ത്രപരമായ തീരുമാനങ്ങളിലും അദ്ദേഹത്തിന് പങ്കുണ്ടാകുമെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ റിലയൻസിലെ ഈ നേതൃമാറ്റം ശ്രദ്ധയോടെയാണ് വ്യവസായ ലോകം നിരീക്ഷിക്കുന്നത്.
അഞ്ച് വർഷത്തേക്കാണ് അനന്ത് അംബാനിയുടെ നിയമനം. ഹ്യൂമൺ റിസോഴ്സസ് നോമിനേഷൻ ആൻഡ് റെമ്യൂനറേഷൻ കമ്മിറ്റിയുടെ ശുപാർശ കമ്പനി ബോർഡ് അംഗീകരിക്കുകയായിരുന്നു. നിയമനം സംബന്ധിച്ച തീരുമാനം ഓഹരി ഉടമനകളുടെ പരിഗണനയിലാണെന്നും റിലയൻസ് ഇൻഡസ്ട്രീസ് സ്റ്റോക് എക്സ്ചേഞ്ചിൽ സമർപ്പിച്ച രേഖയിൽ വ്യക്തമാക്കി.
അനന്ത് അംബാനിയുടെ മൂത്ത സഹോദരങ്ങളായ ആകാശ് അംബാനിയും ഇഷ അംബാനിയും കമ്പനിയിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി തുടരും. റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനാണ് ആകാശ്. റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിൽ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഇഷ അംബാനി.
റിലയൻസ് ബോർഡിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള അനന്ത് അംബാനി ഇനി കമ്പനിയിലെ സജീവ എക്സിക്യൂട്ടീവ് സ്ഥാനം ഏറ്റെടുക്കും. 2020 മാർച്ച് മുതൽ ജിയോ പ്ലാറ്റ്ഫോം, 2022 മേയ് മുതൽ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ്, 2021 ജൂൺ മുതൽ റിലയൻസ് ന്യൂ എനർജി, റിലയൻസ് ന്യൂ സോളാർ എനർജി എന്നിവയുൾപ്പെടെ നിരവധി റിലയൻസ് ഗ്രൂപ്പ് കമ്പനികളുടെ ബോർഡുകളിലും അനന്ത് അംബാനി സേവനമനുഷ്ഠിക്കുന്നുണ്ട്. 2022 സെപ്റ്റംബർ മുതൽ അദ്ദേഹം റിലയൻസ് ഫൗണ്ടേഷന്റെ ബോർഡ് അംഗവുമാണ്.