FinanceNews

മിനിമം ഡ്യൂ കൂടും, സൗജന്യ ഇൻഷുറൻസ് ഇല്ലാതാകും; എസ്ബിഐ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ മാറുന്നു

ന്യൂഡൽഹി: നിങ്ങൾ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപഭോക്താവാണെങ്കിൽ ശ്രദ്ധിക്കുക. ജൂലൈ 15 മുതൽ ബാധകമാകുന്ന തരത്തിൽ ക്രെഡിറ്റ് കാർഡ് നിയമങ്ങളിൽ എസ്ബിഐ കാർഡ് വലിയ മാറ്റങ്ങൾ വരുത്തി. മിനിമം അടയ്‌ക്കേണ്ട തുക (Minimum Amount Due – MAD) കണക്കാക്കുന്ന രീതി, പണം അടയ്ക്കുമ്പോൾ ക്രമീകരിക്കുന്ന രീതി, വിവിധ കാർഡുകളിൽ നൽകിയിരുന്ന സൗജന്യ ഇൻഷുറൻസ് പരിരക്ഷ എന്നിവയിലാണ് പ്രധാന മാറ്റങ്ങൾ.

മിനിമം ഡ്യൂ ഇനി കൂടും

ജൂലൈ 15 മുതൽ മിനിമം അടയ്‌ക്കേണ്ട തുക കണക്കാക്കുന്ന രീതി മാറും. ജിഎസ്ടി, ഇഎംഐ, മറ്റ് ചാർജുകൾ, പലിശ, ഓവർലിമിറ്റ് തുക എന്നിവയുടെ 100 ശതമാനവും, ബാക്കിയുള്ള കുടിശ്ശികയുടെ 2 ശതമാനവും ചേർത്തായിരിക്കും പുതിയ മിനിമം ഡ്യൂ കണക്കാക്കുക. ചുരുങ്ങിയ തുക മാത്രം അടച്ച് ബാധ്യതയിൽ നിന്ന് താൽക്കാലികമായി രക്ഷപ്പെടുന്ന രീതി ഇനി നടക്കില്ല. മുൻപത്തേതിനേക്കാൾ ഉയർന്ന തുക മിനിമം ഡ്യൂ ആയി അടയ്‌ക്കേണ്ടി വരും.

പണമടക്കുമ്പോൾ ശ്രദ്ധിക്കുക

ഇനി മുതൽ നിങ്ങൾ കാർഡിൽ പണമടക്കുമ്പോൾ, ആ തുക ആദ്യം ക്രമീകരിക്കുന്നത് ജിഎസ്ടി, ഇഎംഐ, ചാർജുകൾ, പലിശ തുടങ്ങിയ ബാധ്യതകളിലേക്കായിരിക്കും. ഇതിന് ശേഷമേ നിങ്ങൾ സാധനങ്ങൾ വാങ്ങിയ ഇനത്തിലെ (retail expenses) കുടിശ്ശിക കുറയുകയുള്ളൂ. അതിനാൽ, പലിശയും മറ്റ് ചാർജുകളും പൂർണ്ണമായി അടച്ചുതീർത്തില്ലെങ്കിൽ, നിങ്ങൾ സാധനങ്ങൾ വാങ്ങിയ തുകയ്ക്ക് തുടർന്നും പലിശ നൽകേണ്ടി വരും.

സൗജന്യ വിമാന യാത്രാ ഇൻഷുറൻസ് നിർത്തലാക്കുന്നു

വിവിധ എസ്ബിഐ കാർഡുകൾക്കൊപ്പം നൽകിയിരുന്ന 50 ലക്ഷം മുതൽ 1 കോടി രൂപ വരെയുള്ള സൗജന്യ വിമാന യാത്രാ അപകട ഇൻഷുറൻസ് പരിരക്ഷ നിർത്തലാക്കുന്നു. 2025 ഓഗസ്റ്റ് 11 മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വരുന്നത്.

യുസിഒ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, കെവിബി, സൗത്ത് ഇന്ത്യൻ ബാങ്ക്, കർണാടക ബാങ്ക്, ഫെഡറൽ ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ വിവിധ ബാങ്കുകളുമായി സഹകരിച്ച് നൽകുന്ന എസ്ബിഐ എലൈറ്റ്, പ്രൈം, പ്ലാറ്റിനം കാർഡുകളിലെ ഈ ആനുകൂല്യമാണ് പ്രധാനമായും ഇല്ലാതാകുന്നത്.

ഉപഭോക്താക്കൾ എന്തുചെയ്യണം?

പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, ഉപഭോക്താക്കൾ തങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ ആനുകൂല്യങ്ങളും ചാർജുകളും പുനഃപരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഇൻഷുറൻസ് പോലുള്ള പ്രധാന ആനുകൂല്യങ്ങൾ ഇല്ലാതാകുന്നതിനാൽ, ആവശ്യമെങ്കിൽ കാർഡ് അപ്ഗ്രേഡ് ചെയ്യുകയോ അല്ലെങ്കിൽ ഉപയോഗം നിർത്തുകയോ ചെയ്യുന്നത് പരിഗണിക്കാവുന്നതാണ്.