FinanceNews

സ്വർണവില സർവകാല റെക്കോർഡിൽ; പവന് 760 രൂപ വർധിച്ച് 70,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്ന് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. രണ്ട് ദിവസത്തെ നേരിയ ഇടിവിന് ശേഷമാണ് ഈ വൻ വർധന. ഇന്ന് (ഏപ്രിൽ 16, 2025) ഗ്രാമിന് 95 രൂപ വർധിച്ച് 8815 രൂപയും പവന് 760 രൂപ വർധിച്ച് 70,520 രൂപയുമാണ് പുതിയ വില. ഇതോടെ കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയ 70,160 രൂപ എന്ന റെക്കോർഡാണ് പഴങ്കഥയായത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണവില ട്രോയ് ഔൺസിന് (31.1 ഗ്രാം) 3280 ഡോളറാണ് നിലവിലുള്ളത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 85.52 ആയി തുടരുന്നു. 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 95 ലക്ഷം രൂപയായി ഉയർന്നു.

അന്താരാഷ്ട്ര തലത്തിലെ സംഘർഷങ്ങളും താരിഫ് തർക്കങ്ങളും അയവില്ലാതെ തുടരുന്നതാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. നിലവിലെ സാഹചര്യത്തിൽ വില കുറയാനുള്ള സാധ്യതകളൊന്നും കാണുന്നില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. അന്താരാഷ്ട്ര വില ഔൺസിന് 3300 ഡോളർ കടന്നാൽ 3500 ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്നും, അതേസമയം 100-150 ഡോളറിൻ്റെ ഒരു തിരുത്തലിനും (വിലയിടിവിനും) സാധ്യതയുണ്ടെന്നും പ്രവചനങ്ങൾ വരുന്നുണ്ട്.

വിഷു, ഈസ്റ്റർ, അക്ഷയതൃതീയ ആഘോഷങ്ങൾക്കൊപ്പം വിവാഹ സീസൺ കൂടിയായതിനാൽ സ്വർണത്തിന് ഏറ്റവും കൂടുതൽ വ്യാപാരം നടക്കേണ്ട സമയമാണിത്. ഈ ഘട്ടത്തിലെ വിലവർധനവ് വിപണിയിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ സ്വർണം വാങ്ങാനുള്ള ശേഷി കുറഞ്ഞിട്ടില്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു.

വില വർധിക്കുന്നത് ജനങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യവും ഉയർത്തുന്നതിനാൽ സാധാരണക്കാർക്കും ഇത് ഗുണകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ജനങ്ങളുടെ കൈവശം 25,000 ടണ്ണിലധികം സ്വർണമുണ്ടെന്നാണ് കണക്ക്. ഇതിൽ ആളോഹരി കണക്കെടുത്താൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ സ്വർണമുള്ളത്. അമേരിക്ക ഉൾപ്പെടെയുള്ള പത്ത് വികസിത രാജ്യങ്ങളുടെ മൊത്തം കരുതൽ സ്വർണശേഖരത്തേക്കാൾ കൂടുതലാണ് ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ കൈവശമുള്ള സ്വർണം.

സംസ്ഥാനത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്വർണവിലയിൽ കുറവുണ്ടായിരുന്നു. ഇന്നലെ ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയും പവന് 280 രൂപ കുറഞ്ഞ് 69,760 രൂപയുമായിരുന്നു വില. വിഷുദിനമായ തിങ്കളാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു.

വെള്ളി വിലയിലും വർധനവുണ്ട്. ഗ്രാമിന് 108 രൂപയാണ് ഇന്നത്തെ വെള്ളി വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7260 രൂപയാണ് വില.