
കേരളത്തോടൊപ്പം ആസാമിലും ഭരണം പിടിക്കാൻ ഉറച്ച് കോൺഗ്രസ്. 2026 മെയ് മാസം ഇരു സംസ്ഥാനങ്ങളിലും പുതിയ സർക്കാർ നിലവിൽ വരും. ഭരണ വിരുദ്ധ വികാരം അതിശക്തമായ കേരളത്തിൽ ഭരണം കിട്ടുക എളുപ്പമാണ്. ഭരണ വിരുദ്ധ വികാരത്തേക്കാൾ ശക്തമാണ് പിണറായി വിരുദ്ധ വികാരം. എന്നാൽ അതുപോലെയല്ല ആസാമിൽ. ക്രൗഡ് പുള്ളർ നേതാവായ ആ സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ പരാജയപ്പെടുത്താൻ കോൺഗ്രസ് പതിനെട്ടടവും പയറ്റേണ്ടി വരും.

മൂന്ന് തവണ കോൺഗ്രസ് മുഖ്യമന്ത്രി ആയിരുന്ന തരുൺ ഗോഗോയിയുടെ വലം കൈയായിരുന്നു ഒരു കാലത്ത് ഹിമന്ത . 2016 ൽ തെരഞ്ഞെടുപ്പിന് മുൻപ് ആണ് ഒരു കൂട്ടം കോൺഗ്രസ് എം.എൽ.എമാരുമായി ഹിമന്ത ബി.ജെ.പിയിലേക്ക് ചേക്കേറിയത്. തരുൺ ഗോഗോയി മകനെ വളർത്താൻ ശ്രമിച്ചതോടെയാണ് ഹിമന്ത കോൺഗ്രസ് ക്യാമ്പ് വിട്ടത്. ഹിമന്ത ബി.ജെ.പിയിലേക്ക് ചേക്കേറിയ 2016 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കോൺഗ്രസിനെ പരാജയപ്പെടുത്തി അധികാരത്തിൽ എത്തി. ഹിമന്തക്ക് മുഖ്യമന്ത്രിയാകാൻ ആയില്ല. സർബാനന്ദ സോനോവാൾ ആയിരുന്നു ബി.ജെ പി മുഖ്യമന്ത്രി. ക്ഷമയോടെ കാത്തിരുന്ന ഹിമന്ത 2021 ൽ ബി ജെ. പി തുടർഭരണം നേടിയതോടെ സർബാനന്ദ സോനോവാളിനെ വെട്ടി മുഖ്യമന്ത്രിയായി. ഒപ്പം എതിർനിരയിൽ തനിക്ക് രാഷ്ട്രീയ എതിരാളിയാകാൻ സാധ്യതയുള്ള തരുൺ ഗോഗോയിയുടെ മകൻ ഗൗരവ് ഗോഗോയിയെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ഹിമന്ത ശ്രമിച്ചു.
മണ്ഡല പുനർനിർണയത്തിൽ ഗൗരവ് ഗോഗോയ് രണ്ട് തവണ ജയിച്ച കാലിയബോർ ഇല്ലാതാക്കി. അഹോം വിഭാഗത്തിന് സ്വാധിനമുള്ള ജോർഹട്ടിൽ ഗൗരവിന് ഇറങ്ങേണ്ടി വന്നു .2014 ലും 2019 ലും ബി.ജെ.പി ജയിച്ച ജോർഹട്ടിൽ വൻ വിജയം നേടി ഗൗരവ് ഗോഗോയി ഹിമന്തയെ ഞെട്ടിച്ചു. ആ ഞെട്ടലിൽ നിന്ന് ഹിമന്ത ഇപ്പോഴും മുക്തനായിട്ടില്ല. ഗൗരവ് ഗോഗോയി തനിക്കൊത്ത എതിരാളിയായി വളർന്നു എന്ന് ഹിമന്തക്ക് മനസിലായി. ഹിമന്ത പേടിക്കുന്നത് ഗൗരവ് ഗോഗോയിയെ ആണെന്ന് മനസിലാക്കിയ കോൺഗ്രസ് ആസം കോൺഗ്രസ് അദ്ധ്യക്ഷനായി ഗൗരവ് ഗോഗോയിയെ നിയമിക്കാൻ ഒരുങ്ങുകയാണ്. ഗൗരവും ഹിമന്തും തമ്മിലുള്ള നേർക്കു നേർ പോരാട്ടം ആകും 2026 ൽ നടക്കുക.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ ഡി എ യ്ക്ക് ലഭിച്ചത് 75 സീറ്റാണ്. കോൺഗ്രസ് നേതൃത്വം നൽകിയ മഹാ ജോഡിന് 50 സീറ്റും. 40 ശതമാനം ഉള്ള മുസ്ലീം വോട്ടുകൾ കോൺഗ്രസിലേക്ക് പൂർണ്ണമായും തിരിഞ്ഞു കഴിഞ്ഞു. മുസ്ലിം വോട്ടുകൾ വിഘടിപ്പിച്ച് ആയിരുന്നു ബി.ജെ.പി കഴിഞ്ഞ രണ്ട് തവണയും ജയിച്ചിരുന്നത്. മൗലാന ബദറുദ്ദിൻ അജ്മലിൻ്റെ എ ഐ യുഡി കഫിനായിരുന്നു ഏതാനും വർഷങ്ങളായി മുസ്ലീം വോട്ടുകൾ ലഭിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ അജ്മൽ സ്ഥിരമായി ജയിച്ചിരുന്ന ദുബി മണ്ഡലത്തിൽ കോൺഗ്രസ് ജയിച്ചത് 10,12,476 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ. മുസ്ലീം വോട്ടുകൾ തിരിച്ചെത്തിയതും ഗൗരവ് ഗോഗോയി എന്ന പോരാളിയുടെ കരുത്തും ഹിമന്തിനെ പരാജയപ്പെടുത്താൻ ധാരാളം എന്നാണ് കോൺഗ്രസ് കണക്കു കൂട്ടൽ.
അമിത ആത്മവിശ്വാസം വിനയാകുമെന്ന് തുടർച്ചയായ തോൽവിയിൽ നിന്ന് പാഠം പഠിച്ച കോൺഗ്രസിന് അറിയാം. അതുകൊണ്ട് തന്നെ കരുതലോടെ ആയിരിക്കും കേരളത്തിലും ആസാമിലും കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക.