BusinessCricket

പ്യുമയുമായുള്ള കരാർ അവസാനിപ്പിച്ച് വിരാട് കോഹ്ലി; ലക്ഷ്യം ഇന്ത്യൻ കമ്പനിയിലെ നിക്ഷേപം

പ്രമുഖ കായിക വസ്ത്ര ബ്രാൻഡായ പ്യൂമയുമായി ദീർഘകാലമായിട്ടുണ്ടായിരുന്ന കരാർ ക്രിക്കറ്റ് താരം വിരാട് കോഹ്ലി അവസാനിപ്പിച്ചതായി റിപ്പോർട്ടുകൾ. വർഷങ്ങളായി നീണ്ട ഈ പങ്കാളിത്തം നിരവധി മികച്ച കാമ്പെയ്‌നുകൾക്കും നൂതന ഉൽപ്പന്ന സഹകരണങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ഒരു കായിക ബ്രാൻഡ് എന്ന നിലയിൽ പ്യൂമ ഭാവിയിൽ പുതിയ തലമുറയിലെ കായികതാരങ്ങളിൽ സജീവമായി നിക്ഷേപം നടത്തും എന്നും അറിയിച്ചിട്ടുണ്ട്.  

സ്പോർട്സ് വെയർ സ്റ്റാർട്ടപ്പ് കമ്പനിയായ അജിലിറ്റാസുമായി പുതിയ കരാറിൽ ഏർപ്പെടാൻ സാധ്യത ഉള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പ്യൂമ ഇന്ത്യയുടെയും, സൗത്ത്- ഈസ്റ്റ് ഏഷ്യയുടെയും മുൻ മനേജിംഗ് ഡയറക്ടറായിരുന്ന അഭിഷേക് ഗാംഗുലിയാണ് അജിലിറ്റാസ് 2023 ൽ ബംഗ്ലൂർ കേന്ദ്രീകരിച്ച് തുടങ്ങിയത്. ഇതിൽ വിരാട് കോഹ്ലി നിക്ഷേപക പാർട്ടണറാകും എന്നുള്ള അഭ്യൂഹങ്ങളും വരുന്നുണ്ട്.

കായിക ലോകത്തും പരസ്യ ലോകത്തും വിരാട് കോഹ്ലിക്കുള്ള സ്വാധീനം വളരെ വലുതായതുകൊണ്ട് തന്നെ, അദ്ദേഹം ഉടൻ തന്നെ മറ്റൊരു പ്രമുഖ ബ്രാൻഡുമായി സഹകരിക്കാൻ സാധ്യതയുണ്ട്.

പ്യൂമയുമായുള്ള ഈ പങ്കാളിത്തം അവസാനിച്ചത് കോഹ്ലിയുടെ കരിയറിലോ പരസ്യ വരുമാനത്തിലോ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയില്ല. കാരണം, ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന കായികതാരങ്ങളിൽ ഒരാളാണ് അദ്ദേഹം. പുതിയൊരു സ്പോൺസർ വരുന്നത് അദ്ദേഹത്തിന്റെ ബ്രാൻഡ് മൂല്യം വർദ്ധിപ്പിക്കാനും പുതിയ അവസരങ്ങൾ നൽകാനും സാധ്യതയുണ്ട്.