News

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. ദീർഘനാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.

നിലവിൽ കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമാണ്. അശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം പതിനൊന്നുമണിയോടെ കൊല്ലത്തെ
വീട്ടിലേക്ക് കൊണ്ടുപോകും.

പൊതുദർശനം ഉണ്ടാകില്ലെന്ന് കുടുംബം അറിയിച്ചു. തന്റെ മൃതദേഹം മോർച്ചറിയിലും പൊതുദർശനത്തിനും വയ്ക്കരുതെന്ന് അദ്ദേഹം നിർദേശം നൽകിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

കൊല്ലം ശാസ്താംകോട്ട ഡി ബി കോളേജിൽ കെ എസ് യു പ്രവർത്തകനായാണ് ശൂരനാട് രാജശേഖരൻ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തുടർന്ന് കെ എസ് യു സംസ്ഥാന ഭാരവാഹി, കൊല്ലം ഡി സി സി പ്രസിഡന്റ്, കെ പി സി സി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.

ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്. കെ പി സി സി മാദ്ധ്യമവിഭാഗം ചെയർമാൻ, കേരള സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവിന്റെ അനുശോചനം

അടിമുടി കോണ്‍ഗ്രസുകാരനായിരുന്നു ഡോ. ശൂരനാട് രാജശേഖരന്‍. പാര്‍ട്ടി ഒരു വികാരമായി കൊണ്ടു നടന്നയാള്‍. പാര്‍ട്ടിയോടും നേതൃത്വത്തോടും അത്രമേല്‍ അടുത്ത് നിന്നൊരു നേതാവ്. ഏത് പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടായിരുന്നു ശൂരനാടിനും.

നിലവിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗമെന്ന നിലയില്‍ സംഘടനാപ്രവര്‍ത്തനങ്ങളില്‍ ശക്തമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയിരുന്നത്. മികച്ച ഡി.സി.സി അധ്യക്ഷനായിരുന്നു അദ്ദേഹം. ശൂരനാട് രാജശേഖരന്‍ കൊല്ലം ഡി.സി.സി അധ്യക്ഷനായിരുന്ന കാലത്ത് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയില്‍ യു.ഡി.എഫ് നേടിയ മിന്നുന്ന ജയം അദ്ദേഹത്തിൻ്റെ പ്രവർത്തന മികവിൻ്റെ കൂടി അടയാളമായിരുന്നു.

പരന്ന വായനയും കാലിക വിഷയങ്ങളെ കുറിച്ചുള്ള അറിവും രാഷ്ട്രീയ നിരീക്ഷണവും വീക്ഷണം ദിനപത്രത്തില്‍ അദ്ദേഹം എഴുതിയിരുന്ന പ്രതിവാര പക്തിയിലും പ്രതിഫലിച്ചിരുന്നു. ശക്തമായി രാഷ്ട്രീയം പറയുകയും അതേസമയം ഏത് സാധാരക്കാരനും മനസിലാകുന്ന ലളിതമായ ഭാഷയുമായിരുന്നു അദ്ദേഹത്തിന്റെത്.

മികച്ച സംഘാടകന്‍, സഹകാരി, എഴുത്തുകാരന്‍, മാധ്യമ പ്രവര്‍ത്തകന്‍, ഗവേഷകന്‍ അങ്ങനെ വിവിധ മേഖലകളില്‍ അദ്ദേഹം തന്റെ പേര് അടയാളപ്പെടുത്തി. സഹകരണ മേഖലയിലെ നേട്ടങ്ങള്‍ക്കൊപ്പം എക്കാലവും കൂട്ടിവായിക്കേണ്ട പേര് കൂടിയാണ് ശൂരനാടിന്റേത്. ശാസ്താംകോട്ട സഹകരണ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റായിരുന്നു അദ്ദേഹം സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായിട്ടുണ്ട്. കായിക പ്രേമി കൂടിയായിരുന്ന ശൂരനാട് രാജശേഖരന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷനായും തിളങ്ങി.

ഏത് വിഷമ ഘട്ടത്തില്‍ നില്‍ക്കുമ്പോഴും ഏത് പ്രതിസന്ധിയെ നേരിടുമ്പോഴും അദ്ദേഹം മുഖത്തൊരു പുഞ്ചിരി സൂക്ഷിച്ചു. ആ പുഞ്ചിരി തന്നെയാണ് ശത്രുക്കള്‍ ആരും ഇല്ലാത്ത മനുഷ്യനായി അദ്ദേഹത്തെ വളര്‍ത്തിയത്. ആ ചിരി മാഞ്ഞു. പ്രിയപ്പെട്ട ശൂരനാട് രാജശേഖരന് വിട.