Kerala Government News

ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത കുടിശിക ഇല്ല; ഉറച്ച തീരുമാനവുമായി ധനവകുപ്പ്

ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത, ക്ഷാമ ആശ്വാസ കുടിശിക നൽകേണ്ടതില്ല എന്ന തീരുമാനത്തിൽ ധനവകുപ്പ്. പ്രഖ്യാപിക്കുന്ന ക്ഷാമബത്തക്കും ക്ഷാമ ആശ്വാസത്തിനുമാണ് കുടിശിക നൽകേണ്ടതില്ലെന്ന തീരുമാനത്തിൽ ധനവകുപ്പ് എത്തിയത്. കെ.എൻ. ബാലഗോപാൽ ധനകാര്യ മന്ത്രിയായതിന് ശേഷം പ്രഖ്യാപിച്ച ക്ഷാമബത്ത, ക്ഷാമ ആശ്വാസത്തിനും കുടിശിക അനുവദിച്ചിരുന്നില്ല.

ഇതിനെതിരെ ജീവനക്കാരും പെൻഷൻകാരും നിരന്തരം സമരവുമായി രംഗത്തിറങ്ങിയിട്ടും തുടർന്ന് പ്രഖ്യാപിക്കുന്ന ക്ഷാമബത്തക്ക് കുടിശിക അനുവദിക്കാത്ത നയമാണ് ബാലഗോപാൽ പിന്തുടരുന്നത്. അതേസമയം, ഐഎഎസ് ഐപിഎസ് ജുഡീഷ്യൽ ഓഫീസർമാർ എന്നിവർക്ക് പ്രഖ്യാപിക്കുന്ന ക്ഷാമബത്തയോടൊപ്പം കുടിശികയും അനുവദിച്ചിരുന്നു. കുടിശിക പണമായി ഇവർക്ക് നൽകുകയും ചെയ്തു. 2022 ജനുവരിയിലെ മൂന്ന് ശതമാനം ക്ഷാമബത്ത മെയ് മാസത്തിലെ ശമ്പളത്തോടൊപ്പം നൽകുമെന്ന് ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിന്റെ 39 മാസത്തെ കുടിശികയും അനുവദിച്ചിട്ടില്ല.

ബാലഗോപാൽ പ്രഖ്യാപിച്ച മൂന്ന് ഗഡു ക്ഷാമബത്തക്കും കുടിശിക അനുവദിച്ചിരുന്നില്ല. 117 മാസത്തെ കുടിശികയാണ് ഇതുമൂലം ജീവനക്കാർക്കും പെൻഷൻകാർക്കും നഷ്ടപ്പെട്ടത്.

ധനകാര്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഏറ്റവും ഒടുവിൽ 2020 ജൂലൈയിൽ പ്രഖ്യാപിച്ച നാല് ശതമാനം ക്ഷാമബത്തക്ക് മാത്രമാണ് കുടിശിക അനുവദിച്ചിരിക്കുന്നത്. ഈ കുടിശിക പി.എഫിൽ ലയിപ്പിച്ചിരുന്നു. 2024 സെപ്റ്റംബറിൽ ഇത് പി.എഫിൽ നിന്ന് പിൻവലിക്കാമെന്നായിരുന്നു അന്ന് ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ 2020 ജനുവരിയിലെയും 2020 ജൂലൈയിലെയും പി.എഫിൽ ലയിപ്പിച്ച ക്ഷാമബത്ത കുടിശിക ഇപ്പോഴും ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്. ഈ സാമ്പത്തിക വർഷം അത് ലഭിക്കുന്ന ലക്ഷണവുമില്ല. ആയിനത്തിൽ എട്ട് ശതമാനം ക്ഷാമബത്ത കുടിശിക ജീവനക്കാർക്ക് ലഭിക്കാനുണ്ട്. നിലവിൽ 18 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കാനുള്ളത്. ഭരണംതീരാൻ ഒരുവർഷം മാത്രമുള്ളപ്പോൾ ഇതിൽ എത്രഗഡുക്കൾ കിട്ടുമെന്ന് യാതൊരു ഉറപ്പും ധനവകുപ്പിൽ നിന്ന് ലഭിക്കുന്നുമില്ല.

കേരളത്തിലെ ക്ഷാമബത്ത കുടിശിക ഇങ്ങനെ:

  • 01.07.22 3 %
  • 01.01.23 4 %
  • 01.07.23 3 %
  • 01.01.24 3 %
  • 01.07.24 3 %
  • 01.01.25 2%
  • ആകെ : 18 %