
സിപിഎമ്മിൽ ഇനി ശമ്പളവും പെൻഷനും; ആകർഷകമായ പ്രതിഫലത്തിൽ പ്രൊഫഷണൽ പ്രവർത്തകരെ റിക്രൂട്ട്‌ചെയ്യാൻ കമ്മ്യൂണിസ്റ്റ് പാർട്ടി
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) പാർട്ടിയുടെ പ്രവർത്തനത്തിനായി ആകർഷകമായ ശമ്പളത്തിൽ പ്രൊഫഷണൽ പ്രവർത്തകരെ നിയമിക്കുന്നു. ഭരണത്തിലുള്ള കേരളത്തിലുൾപ്പെടെ മുഴുവൻസമയ പ്രവർത്തകർ കൊഴിഞ്ഞുപോകുന്നുവെന്ന സംഘടനാ വിലയിരുത്തലിന് പിന്നാലെയാണ് മധുര പാർട്ടി കോൺഗ്രസ് ഈ തീരുമാനമെടുത്തത്.
മുഴുവൻസമയ പ്രവർത്തകരെ കിട്ടുന്നില്ലെന്നും മാന്യമായ പ്രതിഫലം നൽകാനാകുന്നില്ലെന്നും ബംഗാൾ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ പാർട്ടി കോൺഗ്രസ് ചർച്ചയിൽ ആശങ്കപ്പെട്ടിരുന്നു. മുഴുവൻസമയ പ്രവർത്തകർ പ്രൊഫഷണൽ വിപ്ലവകാരികൾ ആണെന്നു വിശേഷിപ്പിച്ചാണു ഇപ്പോഴുള്ളത് കൂടാതെ കൂടുതൽപേരെ റിക്രൂട്ട് ചെയ്യാൻ പാർട്ടി തീരുമാനിച്ചത്. വിരമിക്കുമ്പോൾ പാർട്ടിഘടകങ്ങളുടെ സാമ്പത്തികസ്ഥിതി അനുസരിച്ച് ആനുകൂല്യങ്ങൾ നൽകണമെന്നും നിർദേശമുണ്ട്.
സിപിഎമ്മിനു രാജ്യത്താകെ 10,473 മുഴുവൻസമയ പ്രവർത്തകരാണുള്ളത്. കേരളത്തിൽ 6129, ബംഗാളിൽ 1428, ആന്ധ്രപ്രദേശിൽ 721, തെലങ്കാനയിൽ 640, തമിഴ്‌നാട്ടിൽ 555, ത്രിപുരയിൽ 527 പേർ വീതമുണ്ട്.
ബിജെപിയും ആർഎസ്എസും പിടിമുറുക്കുന്നതായി വിലയിരുത്തിയ പട്ടികവിഭാഗ ആദിവാസി വനിതാ മേഖലകളിൽ കൂടുതൽ മുഴുവൻസമയ പ്രവർത്തകരെ നിയോഗിക്കും. കേരളത്തിൽ ലോക്കൽ കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റി വരെയുള്ള ഘടകങ്ങളിൽ സാമ്പത്തിക സ്ഥിതിയനുസരിച്ച് മുഴുവൻസമയ പ്രവർത്തകർക്ക് എല്ലാ മാസവും അലവൻസുണ്ട്. ജനപ്രതിനിധികളോ പ്രതിഫലമുള്ള പദവികൾ വഹിക്കുന്നവരോ ആണെങ്കിൽ നൽകാറില്ല. അലവൻസ് നൽകുന്നതിന് ആന്ധ്രപ്രദേശ് ഈയിടെ നടത്തിയ ഫണ്ടുശേഖരണം മാതൃകയാക്കണമെന്നു പാർട്ടി കോൺഗ്രസ് നിർദേശിച്ചു.
പൊതുജനങ്ങളിൽനിന്നു ഫണ്ട് ശേഖരിക്കുന്നതിലും അതിന്റെ കണക്കു സൂക്ഷിക്കുന്നതിലും സംസ്ഥാന കമ്മിറ്റികൾ അതീവ ജാഗ്രത പുലർത്തണമെന്നു പാർട്ടി കോൺഗ്രസ് നിർദേശിച്ചു. കേന്ദ്ര സർക്കാർ പലവിധ തടസ്സങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ, ഓഡിറ്റ് ചെയ്ത കണക്കു സൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ല. കണക്കുകൾ സൂക്ഷിക്കാൻ പ്രത്യേകം ആളെ ചുമതലപ്പെടുത്തണം.