News

എംഎ ബേബി സിപിഎം പാർടി ജനറൽ സെക്രട്ടറി

മധുര: സിപിഎം പാർടി ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ മധുരയിൽ ചേർന്ന ഇരുപത്തിനാലാം പാർടി കോൺഗ്രസ് തെരഞ്ഞടുത്തു. പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യയോഗമാണ് ജനറൽ സെക്രട്ടറിയെയും 18 അംഗ പൊളിറ്റ് ബ്യൂറോയേയും തെരഞ്ഞെടുത്തത്. 85 അംഗ കേന്ദ്ര കമ്മിറ്റിയാണുള്ളത്. 84 പേരെ തെരഞ്ഞെടുത്തു. ഒരു സ്ഥാനം ഒഴിച്ചിട്ടു.

പിബിയിൽ എട്ട് പേർ പുതുമുഖങ്ങളാണ്. 85 അംഗ സെൻട്രൽ കമ്മിറ്റിയിൽ 30 പേർ പുതുമുഖങ്ങളാണ്. ഏഴ് പേർ പ്രത്യേക ക്ഷണിതാക്കൾ. ആറംഗ സെൻട്രൽ കൺട്രോൾ കമ്മീഷനെയും തെരഞ്ഞെടുത്തു.

പിബി അംഗം മുഹമ്മദ് സലീം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബിയുടെ പേര് നിർദ്ദേശിച്ചു. അശോക് ധാവ്ളെ പിന്താങ്ങി. പാർടി കോൺഗ്രസ് എം എ ബേബിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തതായി പിണറായി വിജയൻ സമ്മേളനത്തെ അറിയിച്ചു.

2015 ലെ വിശാഖപട്ടണം പാർടി കോൺഗ്രസ് മുതൽ മൂന്നു തവണയായി സീതാറാം യെച്ചൂരിയാണ് പാർടി ജനറൽ സെക്രട്ടറി. 2018 ൽ ഹൈദരബാദിലും 2022 ൽ കണ്ണൂരിലുമാണ് പാർടി കോൺഗ്രസ് ചേർന്നത്. കഴിഞ്ഞ വർഷം യെച്ചൂരിയുടെ അകാല മരണത്തിന് പിന്നാലെ പ്രകാശ് കാരാട്ട് പൊളിറ്റ് ബ്യൂറോ കോഡിനേറ്ററായി ചുമതലയേറ്റു. ഇതിനു പിന്നാലെയാണ് ഇരുപത്തിനാലാം പാർടി കോൺഗ്രസിൽ എംഎ ബേബി പാർടി ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്.

പൊളിറ്റ് ബ്യൂറോ അംഗങ്ങൾ

എം എ ബേബി, പിണറായി വിജയൻ, ബി വി രാഘവുലു, തപൻ സെൻ, നിലോൽപൽ ബസു, എ വിജയരാഘവൻ, മുഹമ്മദ് സലീം, അശോക് ധാവ്ളെ, രാമചന്ദ്ര ഡോം, എം വി ഗോവിന്ദൻ, സുധീപ് ഭട്ടാചാര്യ, ജിതേന്ദ്ര ചൌധരി, കെ ബാലകൃഷ്ണൻ, യു വാസുകി, അമ്രാ റാം, വിജൂ കൃഷ്ണൻ, മറിയം ധാവ്ളെ, അരുൺ കുമാർ

എം.എ. ബേബി

2012 ലെ ഇരുപതാം പാർടി കോൺഗ്രസിലാണ് എം എ ബേബി സിപിഐഎം പൊളിറ്റ് ബ്യൂറോയിൽ എത്തിയത്. വിദ്യാർഥി പ്രസ്ഥാന ഘട്ടം മുതൽ പലതവണ ജയിൽവാസം അനുഭവിച്ചു. അടിയന്തരാവസ്ഥകാലത്ത് ക്രൂരമായ പൊലീസ് മർദനത്തിന് ഇരയായി ജയിലിലടക്കപ്പെട്ടു.

1974ൽ എസ്എഫ്ഐ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1975ൽ എസ്എഫ്ഐ കേരള ഘടകം പ്രസിഡന്റായി. 1979ൽ അഖിലേന്ത്യാ പ്രസിഡന്റായി. 1987ൽ ഡിവെഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി.

1977ൽ സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റിയംഗം.1984ൽ സിപിഐ എം കേരള സംസ്ഥാന കമ്മിറ്റിയംഗം. 1989ൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം. 1992ൽ സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റംഗം, 1997ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം.

2006 – 2011 കാലഘട്ടത്തിൽ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ കേരള വിദ്യാഭ്യാസ- സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്നു. കൊല്ലം കുണ്ടറയിൽ നിന്നാണ് നിയമസഭയിൽ എത്തുന്നത്. 2011 ൽ കുണ്ടറയിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1986 മുതൽ രാജ്യസഭാംഗമായിരുന്നു. രാജ്യസഭയിൽ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളിൽ ഒരാളായിരുന്നു. അന്ന് രാജ്യസഭയിലെ പാനൽ ഓഫ് ചെയർമാൻ അംഗവും തുടർന്ന് സബോർഡിനേറ്റ് ലെജിസ്ളേഷൻ കമ്മിറ്റി അധ്യക്ഷനുമായി. 1998 വരെ രാജ്യസഭാംഗമായി തുടർന്നു.