Crime

മധ്യവയസ്‌കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് മധ്യവയസ്‌കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ പേരൂര്‍ക്കട സ്വദേശി ഗോപകുമാറിനെ വിതുര പൊലീസ് പിടികൂടി. കാപ്പ കേസ് പ്രതിയാണ് അറസ്റ്റിലായ ഗോപകുമാര്‍.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. വിതുരയിലെ തേവിയോട് ജങ്ഷനില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു മധ്യവയ്‌സക. ഇവരെ ആനപ്പാറ ജങ്ഷനിലിറക്കാമെന്ന് പറഞ്ഞാണ് പ്രതി ഓട്ടോയില്‍ കയറ്റുന്നത്. പിന്നീട് കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവർ നിലവിളിച്ചതിനെ തുടര്‍ന്ന് പ്രതി ഇവരെ അനുനയിപ്പിക്കുകയും പീഡനശ്രമം തുടരുകയുമായിരുന്നു. തുടര്‍ന്ന് ഓട്ടോയില്‍ നിന്ന് പുറത്തേക്കുചാടി രക്ഷപ്പെട്ട സ്ത്രീ നാട്ടുകാരെ വിവരമറിയിച്ചു.

തുടര്‍ന്ന് വിതുര പൊലീസില്‍ പരാതി നല്‍കി. വിതുര എസ്‌ഐ മുഹ്‌സിന്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗോപകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആറ് പീഡനക്കേസ് ഗോപകുമാറിനെതിരെ നിലവിലുണ്ട്.