KeralaNews

വീണയെ സംരക്ഷിക്കാൻ സി.പി.എം; ന്യായീകരണ രേഖ പ്രവർത്തകർക്ക് കൈമാറി

തിരുവനന്തപുരം: കരിമണല്‍ കമ്പനിയില്‍ നിന്നുളള മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് പിന്തുണയുമായി സി.പി.എം. പണം നൽകിയ കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണിതെന്നും ബാങ്കുകളിൽ നടത്തിയ ഇടപാടിന് വ്യക്തമായ കണക്കുണ്ടെന്നും പാർട്ടി ന്യായീകരിക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി കീഴ്‌ഘടകങ്ങൾക്ക് നൽകിയ രേഖയിലാണ് വീണ വിജയനെയും എക്സാലോജിക്കിനെയും ന്യായീകരിച്ചിട്ടുള്ളത്. മോദി സർക്കാരിന്റെ കേരളത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഭാഗത്താണ് വീണ വിജയന്റെ കേസിനെക്കുറിച്ച് പറയുന്നത്.

രേഖയിൽ പറയുന്നതിങ്ങനെ: ‘വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ എക്സാലോജിക് കമ്പനിയുടെ ഇടപാടുകളെപോലും വക്രീകരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയത്തിൽ ഇക്കാര്യത്തിൽ അവരുടെ വാദംപോലും കേൾക്കാതെയാണ് പ്രചാരണം നടത്തിയത്. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനത്തെയും, സംസ്ഥാന സർക്കാരിനെയും തേജോവധം ചെയ്യുകയെന്നതു തങ്ങളുടെ രാഷ്ട്രീയ അജണ്ടയായി തന്നെ അവർ മുന്നോട്ടുവയ്ക്കുകയാണ്’–രേഖയിൽ പറയുന്നു.

veena

വീണയുടേയോ,എക്സാലോജിക്കിന് പണം നൽകിയ സി എം ആർ എൽ കമ്പനിയുടെയോ പേര് പരാമർശിക്കാതെയാണ്‌ പാർട്ടിയുടെ ന്യായീകരണം. ഇത്തരത്തിലുള്ള കേസുകളുമായി ബന്ധപ്പെട്ട് പാർട്ടി രേഖയിലൂടെ കീഴ്ഘടകങ്ങളിൽ വിശദീകരിക്കുന്നത് പതിവില്ലാത്ത കാര്യമാണ്.

നേരത്തെ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനിഷിനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയപ്പോൾ കേസ് കേസിന്റെ വഴിക്ക് പോകട്ടെയെന്നായിരുന്നു പാർട്ടിയുടെ നിലപാട്.

അതേസമയം, മാസപ്പടി കേസിലുള്ള എഫ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഹർജി ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ അന്വേഷണത്തിനെതിരെ എക്സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വീണയ്ക്ക് ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകുമെന്ന് ഉറപ്പായതോടെയാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം സ്റ്റേ ചെയ്യണമെന്ന കെഎസ്ഐഡിസിയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *