NewsPolitics

മറുനാടൻ ഷാജനെ തല്ലിയ രാജേഷ് കൃഷ്ണയെ സിപിഎം പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കി

സിപിഎം പാർട്ടി കോൺഗ്രസിൽ വിദേശ പ്രതിനിധിയായി ഉൾപ്പെടുത്തിയ രാജേഷ് കൃഷ്ണയെ ഒഴിവാക്കി. ആദ്യമായാണ് പ്രവാസിയായ ഒരാളെ വിദേശ പ്രതിനിധിയായി ഉൾപ്പെടുത്തിയത്. 2023 ൽ മറുനാടൻ മലയാളി എന്ന ഓൺലൈൻ വാർത്ത ചാനലിന്റെ ഉടമയായ ഷാജൻ സ്‌കറിയയെ ലണ്ടൻ എയർപോർട്ടിൽ വച്ച് കൈയ്യേറ്റം ചെയ്തതോടെയാണ് രാജേഷ് കൃഷ്ണ സിപിഎം സൈബർ ഇടത്തിൽ താരമായത്.

അന്ന് സിപിഎമ്മിന്റെ കണ്ണിലുണ്ണിയായിരുന്ന പിവി അൻവറും രാജേഷിനെ വലിയ രീതിയിൽ പ്രമോട്ട് ചെയ്തിരുന്നു. രാജേഷ് കൃഷ്ണയുടെ ചില ബിസിനസ് ബന്ധങ്ങളും പരാതികളും ചൂണ്ടികാട്ടിയാണ് അവസാന നിമിഷം ഒഴിവാക്കിയത്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ മധുരയിൽ എത്തിയ രാജേഷ് കൃഷ്ണയോട് സമ്മേളന വേദി വിടാൻ സിപിഎം നിർദ്ദേശം നൽകി.

മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവാണ് രാജേഷ് കൃഷ്ണ. ചിത്രത്തിന്റെ സംവിധായികയായ പി.ടി രതീനയുടെ ഭർത്താവ് ഷർഷാദ് ഇയാൾക്കെതിരെ ഹവാല പണം ഇടപാട് ഉൾപ്പെടെയുള്ള ആരോപണം ഉന്നയിച്ചിരുന്നു. എം.വി. ഗോവിന്ദന്റെ അടുപ്പക്കാരൻ എന്ന ലേബലിലായിരുന്നു രാജേഷ് കൃഷ്ണയുടെ സിപിഎം സഹവാസം.

കേന്ദ്ര കമ്മറ്റിയംഗമായ ഇപി ജയരാജൻ അടക്കം ശക്തമായ എതിർപ്പ് ഉന്നയിച്ചതോടെയാണ് രാജേഷ് കൃഷ്ണയെ ഒഴിവാക്കിയത്. സിപിഎമ്മിന് ഷർഷാദ് പരാതി നൽകുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇ.പി ജയരാജൻ കേന്ദ്രകമ്മറ്റിയിൽ പരാതി നൽകിയത്. തെറ്റായ സന്ദേശം നൽകുന്ന നീക്കമാണെന്നും ആരോപണ വിധേയനായ വ്യക്തിയാണെന്നും ചൂണ്ടികാട്ടിയാണ് ഇപി പക്ഷം എതിർപ്പ് ഉയർത്തിയത്. വിവാദങ്ങൾ വേണ്ട എന്ന ധാരണയിലാണ് രാജേഷ് കൃഷ്ണയെ ഒഴിവാക്കാൻ തീരുമാനിച്ചത്.

സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണ് രാജേഷ് കൃഷ്ണക്കുള്ളത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകന്റെ ബിനാമി എന്ന പ്രചരണവും രാജേഷ് കൃഷ്ണക്കെതിരെ ഉയർന്നിട്ടുണ്ട്.