
വയനാട് കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18 വയസ്സുള്ള യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുൽ ആണ് മരിച്ചത്. ഇന്നു രാവിലെ ശുചിമുറിയിൽ പോയ ഗോകുൽ തിരിച്ചുവരാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഗോകുലിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
അഞ്ച് ദിവസം മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഒപ്പം ഇയാളെ കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് ഇന്നലെയാണ് ഇയാളെ കണ്ടെത്തി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. കോഴിക്കോട് വനിതാ സെൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. വനിതാ സെല്ലാണ് കൽപ്പറ്റ പൊലീസിന് കൈമാറിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ താൽക്കാലിക താമസ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.