
കേന്ദ്ര ജീവനക്കാർക്ക് നാളെ മുതൽ യുപിഎസ് പെൻഷൻ; കേരളത്തില്‍ പങ്കാളിത്ത പെൻഷൻ തന്നെ
കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള പുതിയ യൂണിഫൈഡ് പെൻഷൻ സ്‌കീം (യുപിഎസ്) നാളെ പ്രാബല്യത്തിൽ വരും. നിലവിലുള്ള കേന്ദ്ര സജീവനക്കാർക്ക് യുപിഎസിലേക്ക് മാറണമെങ്കിൽ ജൂൺ 30ന് മുൻപ് ഓപ്ഷൻ നൽകണം. ഇല്ലെങ്കിൽ നിലവിലെ എൻ.പി.എസിൽ (നാഷണൽ പെൻഷൻ സിസ്റ്റം) തന്നെ തുടരും. ഏപ്രിൽ ഒന്നുമുതൽ കേന്ദ്ര സർവീസിൽ പ്രവേശിക്കുന്നവർ പിന്നീടുള്ള 30 ദിവസത്തനകം യുപിഎസിനായി അപേക്ഷ നൽകണം.
നിലവിലെ എൻപിഎസ് പദ്ധതിയിൽ ജീവനക്കാർക്ക് അനുകൂലമായ നിരവധി തീരുമാനങ്ങളോടെയാണ് പദ്ധതി പരിഷ്‌കരിച്ചിരിക്കുന്നത്. 25 വർഷമെങ്കിലും സർവീസ് ഉള്ളവർക്ക്, അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയുടെ 50% പെൻഷൻ ഉറപ്പ് വരുത്തുന്നതാണ് യു.പി.എസ്.
10 വർഷമെങ്കിലും സർവീസുള്ളവർക്ക് കുറഞ്ഞത് 10,000 രൂപ പെൻഷൻ ഉറപ്പാക്കിയിട്ടുണ്ട്. ജീവനക്കാർക്ക് ലഭിക്കുന്ന പെൻഷൻ തുകയുടെ 60% ആശ്രിതർക്ക് കുടുംബ പെൻഷൻ ലഭിക്കും. യു.പി.എസിൽ ഉൾപ്പെട്ട ജീവനക്കാരുടെ പെൻഷൻ അക്കൗണ്ടിലേക്കുള്ള സർക്കാർ വിഹിതം 10% ൽ നിന്നും 14% ആക്കി ഉയർത്തിയിരുന്നത് 18.5% ആക്കി ഉയർത്തും.
ജീവനക്കാരന്റെ വിഹിതം 10% തന്നെ ആയിരിക്കും. പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർക്ക് ഡിസിആർജിയും സർവീസിൽ ഇരുന്ന് മരിക്കുന്നവരുടെ കുടുംബത്തിന് കുടുംബ പെൻഷനും കേന്ദ്ര സർക്കാരും മറ്റെല്ലാ സംസ്ഥാന സർക്കാരുകളും നേരത്തെ തന്നെ അനുവദിച്ചിരുന്നു.
എന്നാൽ, ഭരണം ലഭിച്ചാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് പ്രകടന പത്രികയിൽ വ്യക്തമാക്കി അധികാരത്തിലേറിയ ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും ഇതുവരെ വാഗ്ദാനം നടപ്പിലാക്കിയിട്ടില്ല.