
ഡിജിപി കസേര തൊട്ടരികെ; എം.ആർ. അജിത്കുമാർ കൊട്ടിയൂരിൽ രഹസ്യ ദർശനം നടത്തി; സമർപ്പിച്ചത് സ്വർണക്കുടം
കൊട്ടിയൂർ: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള അന്തിമപട്ടികയിൽ ഇടംപിടിച്ചതിന് പിന്നാലെ, എം.ആർ. അജിത്കുമാർ കൊട്ടിയൂർ ക്ഷേത്രത്തിൽ രഹസ്യമായി ദർശനം നടത്തി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അതീവ രഹസ്യ സ്വഭാവത്തോടെയുള്ള സന്ദർശനം. ഉദ്ദിഷ്ട കാര്യസാധ്യത്തിനും കൃതജ്ഞതയ്ക്കുമായി സമർപ്പിക്കുന്ന സ്വർണക്കുടം അദ്ദേഹം വഴിപാടായി ഭഗവാന് സമർപ്പിച്ചു.
സ്വർണക്കുടം സമർപ്പണം മുൻകൂട്ടി ബുക്ക് ചെയ്താണ് എഡിജിപി എത്തിയതെങ്കിലും, സന്ദർശന വിവരം പുറത്തറിയാതിരിക്കാൻ കർശനമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു.
ദർശന സമയത്ത് ഫോട്ടോ എടുക്കുന്നതിന് ഉൾപ്പെടെ വിലക്കുണ്ടായിരുന്നു. ഈ സമയത്ത് ക്ഷേത്രപരിസരത്ത് മൊബൈൽ ഫോണുകൾ പ്രവർത്തിക്കാതിരുന്നത്, സന്ദർശനത്തിന്റെ സ്വകാര്യത ഉറപ്പാക്കാൻ ജാമർ ഉപയോഗിച്ചോ എന്ന ശക്തമായ അഭ്യൂഹത്തിന് ഇടയാക്കിയിട്ടുണ്ട്.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള ആറംഗ ചുരുക്കപ്പട്ടികയിൽ എഡിജിപി അജിത് കുമാറും ഉൾപ്പെട്ടിട്ടുണ്ട്. പുതിയ ഡിജിപിയെ തിരഞ്ഞെടുക്കാനുള്ള നിർണായക ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ ‘രഹസ്യ’ കൊട്ടിയൂർ ദർശനം എന്നതും ശ്രദ്ധേയമാണ്. ഉദ്ദിഷ്ട കാര്യസാധ്യത്തിനായാണ് കൊട്ടിയൂരിൽ ഭക്തർ സ്വർണക്കുടം സമർപ്പിക്കുന്നത് എന്നതിനാൽ, സന്ദർശനത്തിന് പിന്നിൽ ഡിജിപി പദവി തന്നെയാണെന്നുള്ള ചർച്ചകൾ സജീവമാണ്.