News

എം.ബി. രാജേഷിന്റെ ഭരണപരാജയം സിപിഎമ്മിന് തിരിച്ചടിയാകും; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പാസാകാതെ കിടക്കുന്നത് 845 കോടി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഫണ്ടിൽ 845.64 കോടി പാസാകാതെ സ്തംഭിച്ച് ട്രഷറിയിൽ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് തദ്ദേശ സ്ഥാപനങ്ങളുടെ അവസ്ഥ പരിതാപകരമായത്. 43924 ബില്ലുകളാണ് ട്രഷറിയിൽ പാസാകാതെ കിടക്കുന്നത്. ഇതുമൂലം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 73.14 ശതമാനമായി ചുരുങ്ങി. 2025 ഒക്ടോബറിൽ തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പ് വർഷത്തിൽ പദ്ധതി ചെലവിൽ ഗണ്യമായ കുറവുണ്ടായത് സർക്കാരിന് തിരിച്ചടിയാകും.

27 മുതൽ പുതിയ ബില്ലുകൾ എല്ലാം ട്രഷറി ക്യൂവിലേക്ക് മാറ്റാനാണ് ധനവകുപ്പ് നിർദേശം. അടുത്ത സാമ്പത്തിക വർഷം ഈ ബില്ലുകൾ മാറി നൽകുമെന്നാണ് ധനവകുപ്പ് പറയുന്നത്. അതുകൊണ്ട് തന്നെ ഈ വർഷത്തെ പദ്ധതി ചെലവ് 73 ശതമാനത്തിൽ ഒതുങ്ങും.

Kerala LSGD Budget expenditure
Kerala LSGD Budget expenditure – 4

ലൈഫ് മിഷനുവേണ്ടി തദ്ദേശ സ്ഥാപനങ്ങൾക്ക് 692 കോടിയാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്. ഇതിൽ 128 കോടിയാണ് ആകെ ചെലവഴിച്ചത്. അതായത് വെറും 18.5 ശതമാനം. ഗ്രാമീണ ലൈഫ് മിഷനുവേണ്ടി 500 കോടി വകയിരുത്തിയതിൽ 25 ശതമനമാണ് ചെലവിട്ടത്. നഗര ലൈഫ് മിഷനുവേണ്ടി 192 കോടിയുമാണ് ബജറ്റിൽ വകയിരുത്തിയിരുത്തിയതിൽ ചെലവിട്ടതാകട്ടെ ഒരുശതമാനവും.

എം.ബി. രാജേഷിന് കീഴിൽ തദ്ദേശവകുപ്പ് ഭരണം പരാജയത്തിലേക്ക് പോകുന്നതിന്റെ നേർസാക്ഷ്യമാണ് പദ്ധതി ചെലവിന്റെ സർക്കാർ കണക്കുകളിൽ നിന്ന് തന്നെ വ്യക്തമാകുന്നത്. എക്‌സൈസ് മന്ത്രികൂടിയായ എം.ബി. രാജേഷ് തന്റെ ശ്രദ്ധ പൂർണമായും അതിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നതിനാലാണ് ലൈഫ് മിഷനെ ഒരു പരാജയ മിഷനാക്കി മാറ്റുന്നതെന്ന വിമർശനമാണ് വകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ ഉയർത്തുന്നത്.