Cinema

എമ്പുരാനിൽ വില്ലന്റെ പേരും 17 രംഗങ്ങളും മാറ്റും! വിവാദം ശക്തം

കൊച്ചി: മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എമ്പുരാൻ സിനിമയിൽ നിന്ന് രംഗങ്ങൾ ഒഴിവാക്കും. 17 രംഗങ്ങളും, ചില പരാമർശങ്ങളും ഒഴിവാക്കുകയും പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റാനുമാണ് തീരുമാനം. നിർമാതാക്കളുടെ ആവശ്യപ്രകാരമാണ് ഇത്തരമൊരു മാറ്റമെന്നാണ് അറിയുന്നത്.

മാറ്റങ്ങൾ വരുത്തുന്ന ചിത്രം ബുധനാഴ്ച്ചയോടെ തിയേറ്ററുകളിൽ എത്തും. ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധത്തെതുടർന്നാണ് ചില ഭാഗങ്ങൾ വെട്ടിമാറ്റിയത്. 27-നാണ് എമ്പുരാൻ റിലീസ് ചെയ്തത്. പിന്നാലെ ചിത്രം ചർച്ച ചെയ്ത രാഷ്ട്രീയവും ചിത്രത്തിലെ ചില പരാമർശങ്ങളും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സംഘപരിവാർ അനുകൂല സംഘടനകളടക്കം ചിത്രത്തിനെതിരെ രംഗത്തെത്തി.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ, പ്രധാന വില്ലന്റെ ബജ്റംഗി എന്ന പേര്, സ്ത്രീകൾക്കെതിരായ അക്രമദൃശ്യങ്ങൾ, എന്നിവ ഒഴിവാക്കും. ദേശീയ അന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളിൽ മ്യൂട്ട് ചെയ്യുന്നത് ഉൾപ്പടെ 17 ഇടങ്ങളിലാകും കട്ട് വരുന്നത്. നേരത്തെ ചിത്രം സെൻസർ ചെയ്ത ബോർഡിനെ ഒഴിവാക്കി പുതിയ ബോർഡ് സെൻസർ ചെയ്ത ചിത്രം ബുധനാഴ്ച്ചയോടെ പ്രേക്ഷകനിലേക്ക് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം

എമ്പുരാൻ സിനിമയ്ക്ക് ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജൻഡയുണ്ടെന്നും അതു ചരിത്ര വസ്തുതകളെ ബോധപൂർവം വളച്ചൊടിക്കുകയാണെന്നുമുള്ള വിമർശനം ആർഎസ്എസ് മുഖപത്രം ഓർഗനൈസർ ഉയർത്തിയിരുന്നു. സാമൂഹിക ഐക്യത്തിനു ഭീഷണി ഉയർത്തുന്ന രീതിയിൽ തികഞ്ഞ പക്ഷപാതത്തോടെയാണ് സിനിമയിലെ ഉള്ളടക്കം കൈകാര്യം ചെയ്തിരിക്കുന്നതെന്ന് ഓർഗനൈസറിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം ആരോപിക്കുന്നു. ചിത്രത്തിനെതിരെ പരസ്യ പ്രചാരണം വേണ്ടെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വന്നതിനു പിന്നാലെയാണ് ആർഎസ്എസ് മുഖപത്രത്തിൽ ലേഖനം വന്നത്.